എനിക്ക് പഠിക്കണം; 'ഇനി എസ്.എസ്.എൽ.സി പാസാകണം'
text_fieldsആലപ്പുഴ: ''ഇനി എന്താണ് അമ്മൂമ്മയുടെ ആഗ്രഹം?'' കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതിയുടെ ചോദ്യം അക്ഷരമുത്തശ്ശിയും അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കുകാരിയുമായ കാർത്യായനിയമ്മയോട്. ''എനിക്ക് ഇനിയും പഠിക്കണം. എസ്.എസ്.എൽ സി പാസാകണം'' -വ്യക്തമായ മറുപടിയുണ്ടായിരുന്നു കാർത്യായനിയമ്മക്ക്. ഡോ.ബി. പത്മകുമാറിന്‍റെ 'പാഠം ഒന്ന് ആരോഗ്യം' പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കാർത്യായനിയമ്മ ബാലഭവൻ ഗ്രീഷ്മോത്സവ പരിപാടിയുടെ ഭാഗമായി കുട്ടികളുമായി സംവദിക്കുകയായിരുന്നു. അമ്മൂമ്മ മൊബൈൽ ഉപയോഗിക്കുമോ എന്നായിരുന്നു ഫാത്തിമയുടെ ചോദ്യം. മൊബൈൽ നല്ലതാണ് അത് നല്ലവർക്ക്. മൊബൈൽ മോശമാണ് അത് ദുരുപയോഗം ചെയ്യുന്നവർക്ക്. കുട്ടികൾക്ക് മൊബൈൽ ഫോൺ വേണ്ട. അത് ലക്ഷ്യത്തിലേക്ക് എത്തിക്കില്ല. ചേമ്പും കാച്ചിലും കപ്പയുമാണ് ഇഷ്ടം. പിന്നെ മീൻകറിയും ചോറും-ആരോഗ്യരഹസ്യം ചോദിച്ചവർക്ക് അമ്മൂമ്മയുടെ മറുപടി.
''അമ്മൂമ്മക്ക് കോവിഡ് വന്നോ?''
''ഞാൻ താമസിക്കുന്ന മേഖലയിൽ എല്ലാവരും കോവിഡ് വാങ്ങിച്ചു. ഞാൻ മാത്രം വാങ്ങിച്ചില്ല. ഞാൻ ഒരു ഗുളികപോലും കഴിക്കുന്നില്ല. 96 കഴിഞ്ഞു. പനിപോലും വരുന്നില്ല''.
''ഇനി എന്താകാനാണ് ആഗ്രഹം?''
''എനിക്ക് ചെറുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞില്ല. 96 വയസ്സായപ്പോൾ പഠിക്കാൻ തോന്നി, പഠിച്ചു. പഠിച്ചപ്പോൾ വീണ്ടും പഠിക്കാൻ തോന്നി. പത്രങ്ങൾ വായിക്കാൻ തുടങ്ങി. ഇനി അങ്ങനെ പോകണം''.
മന്ത്രി സജി ചെറിയാൻ അക്ഷരമുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാലഭവൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. വാഹിദ്, അഡ്മിനിസ്ട്രേറ്റർ ഷീല, ഡോ. ബി. പത്മകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.