ഭക്ഷ്യസുരക്ഷക്ക് പ്രാധാന്യം; നഗരസഭ പരിശോധന കർശനമാക്കും
text_fieldsആലപ്പുഴ: നഗരത്തിൽനിന്ന് വൃത്തിഹീനമായ ഭക്ഷണസാധനങ്ങൾ പിടികൂടിയ സാഹചര്യത്തിൽ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ജീവസുരക്ഷ കണക്കിലെടുത്ത് നഗരസഭ പരിശോധന കർശനമാക്കും.
ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഹോട്ടലുകള്‍, ബേക്കറികള്‍, ബോര്‍മകള്‍, ശീതളപാനീയ സ്ഥാപനങ്ങള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
ഹോട്ടലുകളില്‍ ഉണ്ടാകുന്ന മലിനജലം സ്വന്തംനിലക്ക് ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യൂസര്‍ഫീ നല്കി എല്ലാ മാസവും ഹരിതകര്‍മസേനക്ക് നൽകും. ആഹാരസാധനങ്ങള്‍ ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മലിനജലം കാനയിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കിവിടരുത്.
ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് വേണം. ഇതിനൊപ്പം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം. തട്ടുകടകളിലടക്കം പരിസര മലിനീകരണം, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യല്‍, നിരോധിത പ്ലാസ്റ്റിക് ഉപയോഗം എന്നിവ തടയും.
നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, എം.ആർ. പ്രേം, എം.ജി. സതീദേവി, നസീർ പുന്നക്കല്‍, ആര്. വിനിത, കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന് ഭാരവാഹികളായ ഇക്ബാല്‍, നാസര്‍, സത്താര്‍, മൊറാര്‍ജി, മുഹമ്മദ് സുഹൈല്‍, രാജേഷ്, പ്രഭാകരപൈ, മുഹമ്മദ് സുഹൈല്‍, ശരണ്‍, മുനിസിപ്പല്‍ സെക്രട്ടറി എ.എം. മുംതാസ്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വര്‍ഗീസ്, നവകേരളം നഗരസഭ നോഡല്‍ ഓഫിസര്‍ ജയകുമാര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.