ആലപ്പുഴ നഗരത്തിലെ തീപിടിത്തങ്ങളിൽ ദുരൂഹത
text_fieldsആലപ്പുഴ: ആലപ്പുഴ നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളിൽ അട്ടിമറി സംശയം. വലിയ ദുരന്തങ്ങളിലേക്കുപോലും വഴിവെച്ചേക്കാവുന്ന തീപിടിത്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നഗരസഭതന്നെ പരാതിയുമായി രംഗത്തെത്തി. നഗരത്തിൽ വിവിധ ഇടങ്ങളിലെ മാലിന്യശേഖരങ്ങളിൽ സംശയകരമായി തീപിടിക്കുന്നതായും നടപടി വേണമെന്നും നഗരസഭ എസ്.പിക്കും ഡിവൈ.എസ്.പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അറവുശാലകളിൽ വേർതിരിക്കാൻ വെച്ചിരുന്ന മാലിന്യങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. അതേസമയം, രണ്ടു ബൈക്കുകളിൽ വന്നവർ മൊബൈൽ ഫോണിൽ തീ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപെട്ടതാണ് സംശയത്തിന് ഇടയാക്കിയത്.
പല സ്ഥലങ്ങളിലും ഇതുവരെ കാണാത്ത രീതിയിൽ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. ഇതാണ് അസ്വാഭാവികത സംശയിക്കാൻ കാരണമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. നഗരത്തിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന സൗത്ത്, നോർത്ത് പൊലീസ് വരുംദിവസങ്ങളിൽ സി.സി ടി.വി കാമറയടക്കം പരിശോധിച്ച് തുടർനടപടി കൈക്കൊള്ളും.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇ.എം.എസ് സ്റ്റേഡിയത്തിലും ഡി.ഡി.ഇ ഓഫിസുമടക്കം മാലിന്യം കത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായാണ് നഗരസഭ അധികൃതർ സംശയിക്കുന്നത്. രാത്രിയുടെ മറവിൽ കെട്ടുകണക്കിന് മാലിന്യമാണ് ഇ.എം.എസ് സ്റ്റേഡിയം അടക്കം പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നത്.
വഴിച്ചേരി, വൈ.എം.സി.എ, കെ.എസ്.ആർ.ടി.സി, ഡി.ഡി.ഇ ഓഫിസ് ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തീപിടിത്തമുണ്ടായത്. പൊലീസ് വാഹനപരിശോധന കർശനമാക്കുകയും മഫ്തി പരിശോധന തുടരുന്നതിനാലും പൊതുസ്ഥലങ്ങളിൽ തീപിടിത്തം കുറയുന്നതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.