ഈ പാടങ്ങളിൽ കാണാം, അഴകേറും കാഴ്ചകൾ
text_fieldsഅരൂർ: മത്സ്യക്കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ മീൻ പെറുക്കാൻ എത്തുന്ന കുട്ടികളും മീൻ കൊത്താൻ എത്തുന്ന പറവകളും തീരഗ്രാമങ്ങളിലെ അഴകേറും കാഴ്ചയാണ്. കടലിന് അധികം അകലെയല്ലാതെ വിസ്തൃതമായ ഏക്കറുകണക്കിന് പാടങ്ങളാണ് അരൂർ മേഖലയിലുള്ളത്. എത്ര പൊള്ളുന്ന വേനലിലാണെങ്കിലും വീശിയടിക്കുന്ന കുളിർകാറ്റേറ്റ് മണിക്കൂറുകളോളം പാടവരമ്പത്ത് നിൽക്കാനാകും.
ഏപ്രിൽ പകുതിയോടെ മത്സ്യകൃഷി അവസാനിപ്പിച്ച് കരാറുകാർ മത്സ്യപ്പാടങ്ങൾ ഒഴിഞ്ഞുപോകും. പിന്നെ, മത്സ്യത്തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും അവകാശമാണ് മത്സ്യബന്ധനം. പിടിക്കുന്ന മത്സ്യത്തിന്റെ ഒരുപങ്ക് നിലമുടമകൾക്ക് നൽകണമെന്ന് മാത്രം.
പുലർച്ച മൂന്നിന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മത്സ്യക്കെട്ടുകളിലിറങ്ങുന്നത് ഉത്സവക്കാഴ്ചയാണ്. ചെറുവലകൾ കൊണ്ടും വെറും കൈകൾ കൊണ്ടും മത്സ്യങ്ങളെ തപ്പിപ്പിടിക്കുന്നത് കാണാം. പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ പാടവരമ്പിലെ റോഡിൽ നിരത്തിവച്ച് പങ്കുവെക്കുന്നതും മത്സ്യം വാങ്ങാൻ ദൂരദിക്കുകളിൽനിന്ന് പോലും എത്തുന്നവർക്ക് വിലപറഞ്ഞും തർക്കിച്ചും വിൽക്കുന്നതും നഷ്ടമായ ഗ്രാമീണക്കാഴ്ചയാണ്. കെട്ടുകലക്കൽ എന്നറിയപ്പെടുന്ന ഈ കാർഷിക പ്രക്രിയ ഏപ്രിൽ അവസാനം വരെ നീളും. പിന്നെയാണ് നെൽകൃഷിക്ക് നിലമുണക്കേണ്ടത്. നെൽകൃഷി നടത്താത്ത പൊക്കാളിപ്പാടങ്ങളിൽ മഴവെള്ളം നിറയാൻ വേണ്ടി നിലം വിട്ടുനൽകണം. തുടർച്ചയായ മത്സ്യകൃഷി ഇവിടെ സർക്കാർ വിലക്കിയിരിക്കുകയാണ്. ഈ ഇടവേളയിലാണ് ഇനിയും ബാക്കിയാകുന്ന മത്സ്യങ്ങളെ കൈക്കലാക്കാൻ കുട്ടികൾ മത്സ്യപ്പാടത്തിറങ്ങുന്നത്. അവധികാലമായതിനാൽ കുട്ടികൾക്കും രസമുള്ള അനുഭവമാണിത്.
കുട്ടികൾക്കൊപ്പം പാടം നിറയുന്ന പറവകളാണ് കൊതിപ്പിക്കുന്ന മറ്റൊരു കാഴ്ച. നാടൻ കൊക്കുകൾക്കൊപ്പം കിലോമീറ്ററുകൾ താണ്ടി വിദേശരാജ്യങ്ങളിൽനിന്ന് പറന്നെത്തുന്നവയുമുണ്ട്. പതിനായിരക്കണക്കായ പറവകളാണ് കൂട്ടമായി പാടത്തേക്ക് പറന്നിറങ്ങുന്നതും പറന്നുയരുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.