ഈടായി നൽകിയ ആധാരം കാണാതായ സംഭവം: 14 മത്സ്യത്തൊഴിലാളികൾക്ക് ബാങ്ക് പുതിയ പ്രമാണം നൽകി
text_fieldsആലപ്പുഴ: വായ്പയെടുക്കാൻ എസ്.ബി.ഐയിൽ ഈടായി നൽകി കാണാതായ യഥാർഥ ആധാരങ്ങൾക്ക് തുല്യമായ പ്രമാണങ്ങൾ 14 മത്സ്യത്തൊഴിലാളികൾ ഏറ്റുവാങ്ങി. ആലപ്പുഴ കലക്ടറേറ്റിൽ കലക്ടർ ഹരിത വി.കുമാറിന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ് 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നഷ്ടമായെന്ന് കരുതിയ പ്രമാണങ്ങൾ തിരിച്ചുകിട്ടിയത്.നേരത്തേ കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാങ്ക് സ്വന്തം ചെലവിൽ പുതിയ പ്രമാണങ്ങൾ തയാറാക്കുകയായിരുന്നു.
മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ വായ്പയെടുത്ത മത്സ്യത്തൊഴിലാളികൾക്ക് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പുതിയ പ്രമാണങ്ങൾ കൈമാറി. മത്സ്യത്തൊഴിലാളികൾ പലതവണ ബ്രാഞ്ചിലെത്തി അന്വേഷിച്ചിട്ടും അധികൃതർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞമാസം 14ന് എം.എൽ.എയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആലപ്പുഴ എസ്.ബി.ഐ റീജനൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോഴാണ് രേഖകൾ കാണാതായെന്ന് അറിഞ്ഞത്.
തുടർന്ന് വിഷയത്തിൽ ഇടപെട്ട കലക്ടറുമായി നടത്തിയ ചർച്ചയിൽ ജൂലൈ 31നകം പ്രമാണങ്ങൾ നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകി.അമ്പലപ്പുഴ തഹസിൽദാരും രജിസ്ട്രാറും നടപടിക്രമം വേഗത്തിലാക്കിയാണ് പുതിയപ്രമാണം തയാറാക്കിയത്. 2005ൽ ചെട്ടിക്കാട് കടപ്പുറത്തെ 20പേരടങ്ങുന്ന ‘അമലോത്ഭവ’ സ്വാശ്രയ സംഘമാണ് വള്ളവും വലയും വാങ്ങാൻ എസ്.ബി.ഐ കൊമ്മാടി ശാഖയിൽനിന്ന് 25 ലക്ഷം രൂപയാണ് വായ്പയെടുത്തത്.
ഇതിൽ 14പേരുടെ ആധാരം ഈടായി നൽകി. കാലവർഷത്തിലും അല്ലാതെയും ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. 2010ൽ കടാശ്വാസ കമീഷനെ ഇടപെട്ട് സർക്കാർ വായ്പ കുടിശ്ശിക തിരിച്ചടച്ചു.പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കലക്ടർ ഹരിത വി. കുമാർ, എസ്.ബി.ഐ റീജനൽ മാനേജർ ജൂഡ് ജറാർത്ത്, മാനേജർ അലൻ സെബാസ്റ്റ്യൻ, എ.ഡി.എം സന്തോഷ് കുമാർ, അമ്പലപ്പുഴ തഹസിൽദാർ ജയ, സബ് രജിസ്ട്രാർ മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.