യാത്രാബോട്ട് നിരക്ക് വർധന; ഏങ്ങുമെത്താതെ നാറ്റ്പാക് പഠനം
text_fieldsആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളുടെ നിരക്ക് വർധിപ്പിക്കാൻ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) പഠനറിപ്പോർട്ട് എങ്ങുമെത്തിയില്ല. ആറുമാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരുവർഷം പിന്നിട്ടിട്ടും അന്തിമ റിപ്പോർട്ട് ഇനിയും കൈമാറിയിട്ടില്ല.
നിരക്ക് വർധനക്ക് മുന്നോടിയായി സർക്കാർ ഏജൻസിയായ നാറ്റ്പാക് അധികൃതർ ഓരോ ജില്ലകളിലുമെത്തി പരിശോധന നടത്തിയെങ്കിലും പുതിയ നിരക്ക് സംബന്ധിച്ച കാര്യത്തിൽ വ്യക്തതവരുത്താനായിട്ടില്ല. നിലവിൽ ആറ് രൂപയാണ് മിനിമം നിരക്ക്. ഇത് 10 രൂപയാക്കാനാണ് നീക്കം. 2016ലാണ് യാത്രാബോട്ടുകളുടെ മിനിമം നിരക്ക് ആറ് രൂപയാക്കി വർധിപ്പിച്ചത്. അതിന് മുമ്പ് നാല് രൂപയായിരുന്നു മിനിമം ചാർജ്.
പലത വണ നിരക്ക് വർധിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. ഓരോ തവണയും ബോട്ട് സർവിസ് നടത്തുമ്പോൾ എത്ര മണിക്കൂർ എൻജിൻ പ്രവർത്തിക്കുന്നു, അതിന് ചെലവാകുന്ന ഡീസൽ, അറ്റകുറ്റപ്പണിക്കുള്ള ചെലവ് എന്നിവ കണക്കാക്കിയാണ് മിനിമം നിരക്ക് നിശ്ചയിക്കുന്നത്. ഇതിന് ആവശ്യമായ വിവരങ്ങൾ പലഘട്ടങ്ങളിലായി ജലഗാതഗത വകുപ്പിൽനിന്ന് നൽകിയിട്ടുണ്ട്. അതേസമയം, റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നാണ് നാറ്റ്പാക് സംഘം അറിയിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കിലോമീറ്റർ നിർണയം തടസ്സം
യാത്രാബോട്ടുകളുടെ കിലോമീറ്റർ കണക്കാക്കുന്നതിലെ സാങ്കേതിക തടസ്സമാണ് നിരക്ക് വർധനയുടെ റിപ്പോർട്ട് വൈകാൻ കാരണം. ബസ് റൂട്ട് പോലെ അത്ര എളുപ്പമല്ല യാത്രാബോട്ടുകളുടെ കിലോമീറ്റർ നിർണയം. എൻജിൻ പ്രവർത്തിക്കുന്ന സമയത്തിന് അനുസരിച്ചാണ് ഇന്ധനച്ചെലവ് വരുന്നത്. ഓരോ ബോട്ട്ജെട്ടികളിലും നിർത്തുമ്പോഴുള്ള സമയത്ത് കൂടുതൽ ഇന്ധനം വേണ്ടിവരും. കായലിലെ വെള്ളത്തിന്റെ ആഴവും ബോട്ട്ജെട്ടികളുടെ നിർമാണത്തിലെ വ്യത്യാസവും മൂലം ബോട്ടുകൾ കൂടുതൽ കിലോമീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. അതിനാൽ കൃത്യമായ കിലോമീറ്റർ കണ്ടെത്താൻ കഴിയാത്തതും പഠനത്തെ ബാധിക്കുന്നു.
നിരക്ക് പഴയപടി തന്നെ
ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 14 സ്റ്റേഷനുകളിലായി 63 സർവിസുകളുണ്ട്. ഇതിൽ 54 എണ്ണം യാത്രാബോട്ടുകളാണ്. രണ്ട് സോളാർ ബോട്ടും എട്ടെണ്ണം കറ്റാമറൈൻ ഡീസൽ ബോട്ടുകളുമാണ്. ഏറ്റവും കൂടുതൽ കണക്ടിവിറ്റിയുള്ളത് ആലപ്പുഴ ജില്ലയിലാണ്.
യാത്രാബോട്ടുകളെ ആശ്രയിക്കുന്നത് കൂടുതലും സാധാരണക്കാരായതിനാൽ അവർക്ക് താങ്ങാനാകുംവിധമുള്ള തുകയാണ് നിശ്ചയിക്കുന്നത്. 2016നുശേഷം പലവട്ടം നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.
2024 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 8.34 ലക്ഷം യാത്രക്കാരാണ് വിവിധ സർവിസുകൾ ഉപയോഗിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളിൽ യാത്രാബോട്ടുകളെ ആശ്രയിക്കുന്നവർ ഏറെയുണ്ട്. എന്നാൽ, ദിവസേനയുള്ള ഇന്ധന വില, ബോട്ടുകളുടെ അറ്റകുറ്റപ്പണി എന്നിവക്ക് ചെലവേറിയിട്ടും നിരക്ക് പഴയപടി തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.