പ്രഫഷനലുകളുടെ സേവനം രാജ്യത്ത് ഉപയോഗപ്പെടുത്തണം -വി.ഡി. സതീശൻ
text_fieldsചന്തിരൂർ (ആലപ്പുഴ): പ്രഫഷനലുകളുടെ സേവനം രാജ്യത്തിനകത്ത് ഉപയോഗപ്പെടുത്താൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി സംഘടിപ്പിച്ച 26ാമത് അന്താരാഷ്ട്ര പ്രഫഷനൽ വിദ്യാർഥി സമ്മേളനം ‘പ്രോഫ്കോൺ’ ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക നിലവാരത്തകർച്ച നേരിടുന്ന പ്രഫഷനൽ കാമ്പസുകളുടെ അംഗീകാരം റദ്ദാക്കണം. രാജ്യത്ത് കൂടുതൽ ഐ.ഐ.ടികളും മെഡിക്കൽ പി.ജി കോഴ്സുകളും ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷതവഹിച്ചു. ഫാറൂഖ് മൂസ ചന്തിരൂർ, കെ.എൻ.എം ജില്ല സെക്രട്ടറി ഒ.എം. ഖാൻ, ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ. അസീസ്, എം.എസ്.എം സംസ്ഥാന ട്രഷറർ നവാസ് ഒറ്റപ്പാലം, ഉനൈസ് പാപ്പിനിശ്ശേരി, ഡോ. പി.കെ. ജംഷീർ ഫാറൂഖി, അജ്മൽ സ്വലാഹി, ഫായിസ് ഫൗസാൻ എന്നിവർ സംസാരിച്ചു.
പ്രോഫ്കോൺ ബുക്ക് ബസാർ കെ.എൻ.എം ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കെ.എ. മക്കാർ മൗലവി, റിട്ട. ജഡ്ജ് പി.എം. അബ്ദുൽ സത്താർ, കെ.എ. സലീം ചന്തിരൂർ, സുബൈർ കുട്ടി മൗലവി, ശറഫുദ്ദീൻ സലഫി, ഷിബു ബാബു, സഗീർ കാക്കനാട്, സൻസിൽ സലീം, ഷമീൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു. പഠനക്യാമ്പ്, ഓപൺ ഡയലോഗ്, ബിസിനസ് മീറ്റ്, ജൻഡർ ചർച്ച, മതേതര സംഗമം എന്നിവ നടന്നു.
ഞായറാഴ്ച രാവിലെ 7.30ന് ഗേർസ് ഗാതറിങ് എം.ജി.എം സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ മുഖ്യാതിഥിയാവും. 11.50ന് സമാപനസമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.