പട്ടണക്കാട് സഹകരണ ബാങ്കിലെ ക്രമക്കേട്: കർശന നടപടിയുമായി സഹകരണവകുപ്പ്
text_fieldsചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണങ്ങളെത്തുടര്‍ന്ന് കര്‍ശന നടപടികളുമായി സഹകരണ വകുപ്പ്. തട്ടിപ്പുനടന്ന കാലയളവിലെ ഒമ്പത് ഭരണസമിതി അംഗങ്ങളില്‍നിന്നും ഉത്തരവാദികളായ ആറുജീവനക്കാരില്നിന്നും ബാങ്കിന് നഷ്ടമായ തുക ഈടാക്കാന്‍ ഉത്തരവായി. 16,21,20,293 രൂപ ബാങ്കിന് നഷ്ടപ്പെട്ടതായാണ് അന്തിമ വിശകലനം. മുന്‍ സെക്രട്ടറിയടക്കം 15 പേരില്‍നിന്നാണ് തുക ഈടാക്കുന്നത്. തുക ഈടാക്കാന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ നിലവില്‍ ഭരണസമിതിയിലുള്ള പ്രസിഡൻറടക്കം നാലുപേരെ അയോഗ്യരാക്കി ജോയൻറ് രജിസ്ട്രാർ ഉത്തരവിറക്കി.
തട്ടിപ്പുനടന്ന കാലയളവില്‍ ഭരണസമിതി അംഗങ്ങളായിരുന്ന ഇപ്പോള്‍ ഭരണസമിതിയിലുള്ള എം.കെ. ജയപാല്‍ (നിലവില്‍ പ്രസിഡൻറ്), വി.കെ. രാജു, പി.കെ. നസീര്‍, ആര്.ഡി. രാധാകൃഷ്ണന് എന്നിവരെയാണ് അയോഗ്യരാക്കിക്കയത്. സര്‍ചാര്‍ജ് നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നുകാട്ടി നല്കിയ അപ്പീലുകള്‍ തള്ളിയാണ് ഉത്തരവ്.
അഞ്ചുവര്‍ഷം മുമ്പാണ് സംസ്ഥാനതലത്തില്‍ കോളിളക്കമുണ്ടാക്കിയ സഹകരണബാങ്ക് തട്ടിപ്പ് നടന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണം. അപ്പീലുകള്‍ തള്ളിയതടക്കം മൂന്ന് നടപടികളിലായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. 2017ഏപ്രില്‍ ഒന്നുമുതല്‍ 24 ശതമാനം പലിശ കണക്കാക്കിയാണ് തിരിച്ചടക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്.
ഈടാക്കുന്ന തുക ആര്. പുരുഷോത്തമ ഷേണായി മുന്‍ പ്രസിഡൻറ് 8,79,071. എം.കെ. ജയപാല്‍ പ്രസിഡൻറ് 4,37,330. ഭരണസമിതി അംഗങ്ങളായ സി.കെ. ഉദയന്‍, വി.കെ. രാജു, പി.കെ. നസീര്‍, സി.എന്‍. സുബ്രഹ്മണ്യന്, ആര്.ഡി. രാധാകൃഷ്ണന് എന്നിവര്‍ക്ക് 7,17,567 രൂപയും മുന്‍ ഭരണസമിതി അംഗങ്ങളായ ഏത്തമ്മ കുട്ടപ്പന്, റജിമോന്‍ എന്നിവരിൽനിന്ന് 6,38,996 രൂപയും ഈടാക്കും.
ജീവനക്കാരില്‍ മുന്‍ സെക്രട്ടറി ടി.വി. മണിയപ്പന് 7,99,74,737രൂപയും മുന്‍ ജീവനക്കാരി പി.എം. കുഞ്ഞു ഖദീജ 4,07,46,708 രൂപയും ഷീബാകുമാരി 68,57,220രൂപയും മുന്‍ ജീവനക്കാരായ ബി. അരവിന്ദ് 1,97,69,592 രൂപയും സി.എ. സജീവന് 73,01,303 രൂപയും കെ.പി. ഗിരീഷ് കുമാര്‍ 12,88,515 രൂപയുമാണ് തിരിച്ചടക്കാന്‍ ഉത്തരവിറക്കിയത്.
തുക ഈടാക്കുന്നതിന് റവന്യൂ ആസ്തി വിവരങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കാന്‍ ബാങ്ക് ഭരണസമിതിക്ക് ജില്ല ജോയൻറ് രജിസ്ട്രാര്‍ ഉത്തരവു നല്‍കിയിട്ടുണ്ട്.
മുന്‍ജീവനക്കാരും ഭരണസമിതി അംഗങ്ങളുമുള്പ്പെെടയുള്ളവര്ക്കെതിരെ നടപ്പാക്കിയ സര്‍ചാര്‍ജ് ഉത്തരവിനെതിരെ നല്കിയ അപ്പീലില്‍ വിശദ വാദം കേട്ടിരുന്നു. ചുമതല നിറവേറ്റുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അപ്പീല്‍ അപേക്ഷകള്‍ തള്ളി അണ്ടര്‍ സെക്രട്ടറി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.