ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; 12 വിദ്യാർഥികൾ ചികിത്സതേടി
text_fieldsആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച്.എസ്.എസിലെ 27 വിദ്യാർഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. 12പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്ലസ്വൺ സയൻസ് ബാച്ച് വിദ്യാർഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), അഭിനവ് ജോസഫ് (16), ആർ.പി. റിജോ (16), ഷാരോൺ ടി. ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്.
ഇതിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി. ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയിൽ ഇരുത്തി ചികിത്സ നൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കൽസംഘം സ്കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ചൊവ്വാഴ്ച എച്ച്.എസ്.എസ് വിഭാഗത്തിന് അവധി നൽകി. ദേശീയവിര വിമുക്തദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നൽകാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു. വിദ്യാർഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്. അസഹ്യമായതോടെയാണ് പലരും ചികിത്സ തേടിയത്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു.
തിങ്കളാഴ്ച പ്ലസ്വൺ സയൻസ് ബാച്ചിൽ ക്ലാസ് മുറിയിലാണ് സംഭവങ്ങൾക്ക് തുടക്കം. സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവർക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് സ്കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്കൂളിലെത്തി ക്ലാസ് മുറികൾ അണുവിമുക്തമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചിൽ തുടങ്ങിയത്. നനഞ്ഞ ക്ലാസ് മുറിയിൽ ബാഗുവെച്ച് പുറത്തിറങ്ങിയ കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്.
പിന്നീട് ഹയർ സെക്കൻഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേക്ക് ചൊറിച്ചിൽ പടർന്നതോടെ സ്കൂളിന് അവധി നൽകുകയായിരുന്നു. ഇതിനുപിന്നാലെ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ മെഡിക്കൽസംഘം സ്കൂളിലെത്തി ചൊറിച്ചിൽ നേരിട്ട വിദ്യാർഥികളെ വിശദമായി പരിശോധിച്ചു.
കൂട്ടത്തോടെ ചൊറിച്ചിൽ അനുഭവപ്പെട്ട ക്ലാസ് മുറിയിൽ പ്രാണികളുടെ ആക്രമണമാണോയെന്ന് സംശയമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ പി.ജെ. യേശുദാസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ബുധനാഴ്ച പ്ലസ്വൺ സയൻസ് ബാച്ചിന് അവധിനൽകും. അതേസമയം, സംസ്ഥാന സ്കുൾ ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായ ലിയേതേർട്ടീന്ത് സ്കൂളിലെ ക്ലാസ് മുറിയിൽ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് നടന്നത്. സ്കൂളിലെ പ്രത്യേകഭാഗത്ത് മാത്രമുള്ളതിനാൽ സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്രപരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കെമിക്കലിൽനിന്നുള്ള അലർജിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമികനിഗമനം. ഈ പ്രദേശം അണുവിമുക്തമാക്കാൻ ജില്ല ഫയർ ഓഫിസർക്ക് നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.