കുട്ടനാട്ടിൽ കൂട്ടിമുട്ടാതെ 'ജൽജീവൻ പദ്ധതി'
text_fieldsആലപ്പുഴ: ഗ്രാമീണമേഖലയിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ജൽജീവന്‍ മിഷന്‍ കുട്ടനാട്ടില്‍ എങ്ങുമെത്തിയില്ല.
വെള്ളപ്പൊക്കത്തിലും വേനൽക്കാലത്തും ശുദ്ധജലം കിട്ടാതെ നട്ടംതിരിയുന്ന കുട്ടനാട്ടിലാണ് പദ്ധതിയുടെ നിർവഹണം ഇഴയുന്നത്. ഗ്രാമീണ മേഖലയില്‍ മാത്രമല്ല, പ്രധാന ടൗണുകളില്‍പോലും ശുദ്ധജലലഭ്യത ഇനിയും ഉറപ്പാക്കുന്നതിന് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടില്ല.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ 90ശതമാനം സബ്സിഡിയോടെ കേരളത്തിലെ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ ജല കണക്ഷൻ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുമ്പ് ജലഅതോറിറ്റിയിൽനിന്ന് പുതിയ കണക്ഷന് ഉപഭോക്താവിൽനിന്ന് വൻതുകയാണ് ഈടാക്കുന്നത്.
ഇതിനൊപ്പം പ്ലംബർമാരും ഏജന്‍റുമാർക്കും വേറെയും തുക നൽകേണ്ട സ്ഥിതിയാണ്. ഇപ്പോൾ ഗ്രാമീണമേഖലയിൽ ഗുണഭോക്തൃവിഹിതം അടച്ചാൽ ജൽജീവൻ പദ്ധതിയിൽ പുതിയ കണക്ഷൻ എടുക്കാനാകും. കുട്ടനാട്ടിലെ 13 പഞ്ചായത്തിലും ശുദ്ധജലം എത്തിക്കാന്‍ ആവിഷ്കരിച്ച നീരേറ്റുപുറം കുടിവെള്ള പ്ലാന്‍റ് വഴിയുള്ള കുടിവെള്ള വിതരണവും ഭാഗികമാണ്.
പ്രധാന പാതകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ പൈപ്പ് ലൈന്‍ സ്ഥാപിക്കൽ ഇനിയും ആയിട്ടില്ല. ഗ്രാമീണ മേഖലയില്‍ കാലഹരണപ്പെട്ട പൈപ്പ് ലൈനിന് പകരം സമാന്തര പൈപ്പ് സ്ഥാപിക്കാന്‍ തുക അനുവദിച്ചെങ്കിലും പൊട്ടിയ പൈപ്പിെൻറ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്.
നെൽകൃഷിക്കായി പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് ജലാശയത്തിലേക്ക് ഒഴുക്കുമ്പോഴാണ് ജലക്ഷാമം രൂക്ഷമാകുന്നത്. എല്ലാവീടുകളിലും കുടിവെള്ളമെന്ന സ്വപ്നത്തിന് ഇനിയും എത്രനാൾ കാത്തിരിക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.