ജയമ്മ നഗരസഭാധ്യക്ഷ; ‘അധികാരക്കൈമാറ്റം’ ആഘോഷമാക്കി അണികൾ
text_fieldsആലപ്പുഴ: ആലപ്പുഴയിൽ സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി നഗരസഭ അധ്യക്ഷസ്ഥാനം വീതംവെച്ചതിലൂടെ കെ.കെ. ജയമ്മക്കുണ്ടായ പദവി നേട്ടം ആഘോഷമാക്കി അണികൾ. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 35 വോട്ട് നേടിയാണ് നെഹ്റുട്രോഫി വാർഡിലെ സി.പി.എം അംഗമായ ജയമ്മ വിജയിച്ചത്. എൽ.ഡി.എഫ് അധികാരം തിരിച്ചുപിടിച്ച 2020ൽ ജയമ്മയെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയപ്പോൾ അണപൊട്ടിയ വികാരത്തിന്റെയും പ്രതിഷേധത്തിന്റെയും ഓർമകൾ പുതുക്കിയായിരുന്നു നഗരഹൃദയത്തിലൂടെ നടന്ന വരവേൽപ് റാലി.
സ്ത്രീകളടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം നേതാക്കളെപ്പോലും അമ്പരപ്പിച്ചു. നഗരസഭാധ്യക്ഷയെ തെരഞ്ഞെടുക്കാനുള്ള യോഗം ചേരുന്നതിനുമുമ്പേ സ്ത്രീകളടക്കമുള്ള പ്രവർത്തകർ നഗരസഭാ കവാടത്തിലും കൗൺസിൽ ഹാളിന് പുറത്തും കാത്തുനിന്നു.
ഉച്ചയോടെ ഫലപ്രഖ്യാപനം വന്നു. മുൻ നഗരസഭാധ്യക്ഷ സൗമ്യരാജ് ജയമ്മയെ ഹാരമണിയിച്ച് ആേശ്ലഷിച്ചു. പിന്നാലെ ലഡുവിതരണവും നടന്നു. എൽ.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്ത പി.ഡി.പി അംഗം പി. രതീഷിനെ ജയമ്മ നന്ദി അറിയിച്ചു.
കൗൺസിൽ ഹാളിൽ വനോ കൗൺസിലർമാരടക്കം പാർട്ടി പോപ്പർ പൊട്ടിച്ചാണ് ആഘോഷം പൊടിപൊടിച്ചത്. നെഹ്റുട്രോഫി വാർഡിൽനിന്ന് വി.കെ. സോമനുശേഷം നഗരസഭാധ്യക്ഷസ്ഥാനത്ത് എത്തിയതിന് അഭിവാദ്യം അറിയിച്ചായിരുന്നു മുദ്രാവാക്യം. പിന്നീട് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ തുറന്ന ജീപ്പിൽ നഗരപര്യടനവും നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ഒപ്പമുണ്ടായിരുന്നു. പാർട്ടി പതാകയേന്തിയും ചുവപ്പ് മുണ്ടും വെള്ള ഷർട്ടും ധരിച്ച് യുവാക്കളും ആഘോഷത്തിൽ പങ്കാളികളായി. നഗരം ചുറ്റിയ പര്യടനം പൊതുതെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് സമാനമായിരുന്നു. എം.എൽ.എമാരായ എച്ച്.സലാം, പി.പി. ചിത്തരഞ്ജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.