വിവാഹ മണ്ഡപത്തില്‍ നിന്നും തുല്യത പരീക്ഷ എഴുതാനെത്തിയ ജിജിക്ക് അനുമോദനം
text_fieldsആലപ്പുഴ: വിവാഹ മണ്ഡപത്തില്‍ നിന്നും പത്താം തരം തുല്യതാ പരീക്ഷ എഴുതാനെത്തി നെഹ്റു ട്രോഫി വാർഡ് ജിജി ഭവനത്തിലെ കെ. ജിജിമോൾ. ബുധനാഴ്ച രാവിലെ വീട്ടിൽ വെച്ചായിരുന്നു ജിജിയുടെയും മുഹമ്മ പഞ്ചായത്ത് മുണ്ടുപറമ്പിലെ സുനിൽ കുമാറിന്‍റെയും വിവാഹം. സുനിലിന് കോവിഡ് ബാധിച്ചതിനാൽ സഹോദരി എത്തി ചടങ്ങുകൾ നടത്തിയതിനു ശേഷമാണ് ജിജി പരീക്ഷക്കായി എത്തിയത്.
കല്യാണ പന്തലിൽ നിന്നും പരീക്ഷാ ഹാളിലെത്തിയത് വിദ്യാർഥികളിലും അധ്യാപകരിലും കൗതുകമുണർത്തി. ജിജിക്ക് ആശംസകൾ നേരുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, വൈസ് പ്രസിഡന്‍റ് അഡ്വ. ബിപിൻ സി. ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആര്‍. റിയാസ്, എം.വി. പ്രിയ ടീച്ചർ തുടങ്ങിയവരും എത്തി.
അംഗ പരിമിതയായ ജിജി പത്താം ക്ലാസ്സ് പഠനം പാതി വഴിയിൽ അവസാനിപ്പിച്ചെങ്കിലും ഒരു ജോലി വേണമെന്ന ആഗ്രഹമാണ് വീണ്ടും മുടങ്ങിയ പഠനം പൂർത്തീകരിക്കാൻ പ്രേരിപ്പിച്ചത്. എല്ലാവരും തുടർ വിദ്യാഭ്യാസം നടത്തണമെന്ന് ജിജി പറഞ്ഞു. തുല്യത പരീക്ഷയുടെ ഭാഗമായുള്ള ഫിസിക്സ് പരീക്ഷയായിരുന്നു ബുധനാഴ്ച നടന്നത്. ഇനി നാലു പരീക്ഷകൾ കൂടി പൂർത്തിയാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.