സാമഗ്രികൾ വാങ്ങിയ പണം കുടിശ്ശിക; തൊഴിലുറപ്പ് പദ്ധതി അവതാളത്തിൽ
text_fieldsആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പ് അവതാളത്തിലായി. ജോലികൾ ഏറ്റെടുത്തുചെയ്യുന്നതിന് സാധനസാമഗ്രികൾ വാങ്ങാൻ ഫണ്ടില്ലാത്തതാണ് പ്രശ്നം. സാമഗ്രികൾ വാങ്ങിയ വകയിൽ 43 കോടിയാണ് ജില്ലക്ക് കിട്ടാനുള്ളത്.
കഴിഞ്ഞസാമ്പത്തിക വർഷത്തെ 33.75 കോടിയും ഈ സാമ്പത്തിക വർഷം 9.5 കോടിയും ചേർന്ന തുകയാണിത്. പണം ലഭിക്കാത്തതിനാൽ കരാറുകാരിൽ പലരും സാധന സാമഗ്രികൾ നൽകുന്നതിൽനിന്ന് പിന്മാറി. ഇതോടെ പഞ്ചായത്തുകൾക്ക് പുതിയ ജോലികൾ ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയായി. മെറ്റീരിയിൽ കംപോണന്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചിരുന്നത്. ഒരുവർഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല.
തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാമഗ്രികൾക്കായി പഞ്ചായത്തോ തൊഴിലുറപ്പ് തൊഴിലാളികൾ പിരിവെടുത്തോ പണം മുടക്കുമായിരുന്നു. പണം ലഭിക്കുമ്പോൾ ചെലവായ തുക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. പണം ലഭിക്കാതായതോടെ തൊഴിലാളികളും കുടുങ്ങി.
കൂലിയിൽനിന്ന് സാമഗ്രികൾക്കുള്ള പണവും നീക്കിവെക്കേണ്ട അവസ്ഥയാണ്. ബാങ്കുകളുമായി സഹകരിച്ചും ചില പദ്ധതികൾക്ക് സാമഗ്രികൾ വാങ്ങാൻ വായ്പയെടുത്തിരുന്നു.പണം കിട്ടാതായതോടെ തിരിച്ചടവും മുടങ്ങി. ഇതേതുടർന്ന് ബാങ്കുകൾ പലതും സഹകരിക്കാത്ത സ്ഥിതിയുമുണ്ട്. ജില്ലയുടെ തൊഴിൽദിനങ്ങൾ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 96.05 ലക്ഷമുണ്ടായിരുന്ന തൊഴിൽദിനം ഇത്തവണ 59.53 ലക്ഷമാക്കിയാണ് കുറച്ചത്.
സാധനസാമഗ്രികൾക്ക് പണം അനുവദിച്ചില്ലെങ്കിൽ ഈ തൊഴിൽദിനങ്ങൾപോലും ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാകും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാകുക മാത്രമല്ല പല കുടുംബങ്ങളും ഞെരുക്കത്തിലുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.