കെ-റെയില്‍: ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം -മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി. പ്രസാദ്. ജനസമക്ഷം സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരണ യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പൊതുവില്‍ ഗുണകരമാകുന്ന പദ്ധതി ജനങ്ങളുമായി സംവദിച്ച് പൂര്‍ണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമം.
അതിന്റെ ഭാഗമായാണ് ജനസമക്ഷം പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയെ അന്ധമായി എതിര്‍ക്കുന്നത് ഒഴിവാക്കണം. യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി കാണണം. വികസനത്തിന്റെ കാര്യത്തില്‍ ജനപക്ഷ സമീപനം സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനത്തിനും ഭാവിതലമുറകള്‍ക്കും വേണ്ടിയുള്ള അഭിമാന പദ്ധതിയാണിതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാന് അഭിപ്രായപ്പെട്ടു. യാത്ര സമയലാഭത്തിനൊപ്പം ടൂറിസം, ഐ.ടി, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റത്തിനുള്ള മാര്‍ഗവും വിപുലമായ തൊഴില്‍ സാധ്യതകളുമാണ് ഇതിലൂടെ തുറന്നുകിട്ടുക.
യാഥാർഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും നുണപ്രചാരണങ്ങളെ തള്ളിക്കളയാനും പദ്ധതിക്ക് പിന്തുണ നല്‍കാനും പൊതുസമൂഹം തയാറാകണം. ചെങ്ങന്നൂരിലെ കെ-റെയില്‍ സ്റ്റേഷന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വികസനത്തിന് കരുത്തേകും. ശബരിമലയിലേക്കുള്ള യാത്ര സുഗമമാകുന്നതിനും ഉപകരിക്കും. ജില്ലയില്‍ പാലമേല്‍, നൂറനാട്, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളില്‍നിന്നാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കേണ്ടി വരുകയെന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതി വിശദീകരിച്ചു.
എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, എച്ച്. സലാം, യു. പ്രതിഭ, ദലീമ ജോജോ, എം.എസ്. അരുൺ കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടർ എ. അലക്സാണ്ടർ, മുനിസിപ്പല്‍ ചെയർപേഴ്സൻ സൗമ്യ രാജ്, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്. റഷീദ്, മുൻ എം.എൽ.എ ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. കെ-റെയില്‍ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടര്‍ പി. ജയകുമാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ജി. കേശവചന്ദ്രന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.