കലവൂർ എൻ. ഗോപിനാഥ് സ്റ്റേഡിയം ഒരുങ്ങുന്നു; പ്രതീക്ഷയോടെ കായികലോകം
text_fieldsമണ്ണഞ്ചേരി: കായികപ്രേമികൾക്ക് പുതുപ്രതീക്ഷ നൽകി മാരാരിക്കുളം പ്രീതികുളങ്ങരയിൽ ജിംനേഷ്യവും അത്‌ലറ്റിക് ട്രാക്കും ഇൻഡോർ കോർട്ടും ഉൾപ്പെടുന്ന മിനി സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങരയിൽ കിഫ്ബി പദ്ധതിയിൽ 5.15 കോടിയോളം ചെലവഴിച്ചാണ് കായികാചാര്യൻ കലവൂർ എൻ. ഗോപിനാഥിന്റെ സ്മരണാർഥമുള്ള സ്റ്റേഡിയം പൂർത്തിയാവുന്നത്. ജില്ലയിലെ സിന്തറ്റിക് ട്രാക്കാണ് ഇവിടെ ഒരുക്കുന്നത്. 200 മീറ്റർ നീളത്തിൽ ഒരേസമയം നാലുപേർക്ക് ഓടാവുന്ന ട്രാക്കിന്റെ ജോലി പുരോഗമിക്കുകയാണ്. ഇതോടൊപ്പം സെവൻസ് ഫുട്ബാൾ ഗ്രൗണ്ടായും ഉപയോഗിക്കാം. പഞ്ചായത്ത് എൽ.പി സ്കൂളിനോട് ചേർന്ന സ്ഥലത്താണ് ഇവ നിർമിക്കുന്നത്.
സ്റ്റേഡിയത്തിന് വടക്ക് സ്കൂളിന് ആറ് ക്ലാസ് മുറിയുള്ള 6000 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കെട്ടിടവും നിർമിച്ചിട്ടുണ്ട്. ട്രാക്കിന്റെ കിഴക്ക് 7100 ചതുരശ്ര അടി വിസ്തീർണമുള്ള ഇൻഡോർ സ്റ്റേഡിയം ഒരുക്കിയിട്ടുണ്ട്. ഇവിടെ വോളിബാൾ, ബാസ്കറ്റ്ബാൾ, ഷട്ടിൽ, ടെന്നിസ് തുടങ്ങിയവയും കളിക്കാൻ സൗകര്യമുണ്ട്. ഓരോ ഇനത്തിനുമായി കോർട്ട് ക്രമീകരിക്കാം. കോർട്ടിന്റെ തെക്ക് പ്രധാന കവാടത്തിന് സമീപമാണ് ഫിറ്റ്നസ് സെന്റർ. ഇതിന്റെ കെട്ടിടം പണി പൂർത്തിയായി.
ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചാൽ ഇതും പൂർണമാവും. സെവൻസ് ഫുട്ബാൾ ഗ്രൗണ്ടിന് ഗാലറിയും ഫ്ലഡ്‌ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കിറ്റ്കോക്കാണ് നിർമാണ ചുമതല. വോളിബാളിൽ നിരവധി ദ്രോണാചാര്യന്മാരെയും അർജുന അവാർഡ് ജേതാക്കളെയും സൃഷ്ടിച്ച കലവൂർ എൻ. ഗോപിനാഥിന് അർഹതക്ക് അംഗീകാരമാകും സ്റ്റേഡിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.