കാഞ്ഞിപ്പുഴയുടെ പണ്ഡിത ശ്രേഷ്ഠൻ യു സാറിന് നാടിന്റെ വിട
text_fieldsവള്ളികുന്നം: ആത്മീയ പ്രവർത്തനരംഗത്ത് എട്ടരപ്പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി കാഞ്ഞിപ്പുഴയിലെ നിറസാന്നിധ്യമായിരുന്ന യു സാറിന് നാടിന്റെ വിട. അധ്യാപക-സാമൂഹിക-ആത്മീയ പ്രവർത്തനങ്ങളിൽ ഒട്ടേറെ അടയാളങ്ങൾ കോറിയിട്ടാണ് കാഞ്ഞിപ്പുഴ കോയിക്കവിളയിൽ യു. മുഹമ്മദ് കുഞ്ഞ് മൗലവിയുടെ (92) മടക്കം.
അറബിക് ഭാഷ കോഴ്സിലൂടെ സർക്കാർ സ്കൂളിൽ അധ്യാപകനായി. അറബിക് മുൻഷീസ് അസോ. രൂപവത്രിക്കുന്നതിൽ മുന്നിൽനിന്ന ഇദ്ദേഹം 1973ലെ അധ്യാപക സമരത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിച്ചു.
അന്ന് കൊല്ലം സബ്ജയിലിൽ വെള്ളിയാഴ്ച ജുമാനമസ്കാരത്തിന് നേതൃത്വം നൽകി ശ്രദ്ധേയനായി. അറബിഭാഷ നിലനില്ക്കുന്നതിന് നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. സർവിസ് കാലത്ത് ദക്ഷിണകേരള ജംഇയ്യതുൽ ഉലമയുടെ നേതൃനിരയിലും സജീവമായിരുന്നു. വിരമിച്ചശേഷം മുഫത്തിഷ് ചുമതലയിലൂടെ മദ്റസ ശാക്തീകരണത്തിനായി ഇടപെടലുകൾ നടത്തി.
നാട്ടിൽ സാമൂഹിക-സാമുദായിക പ്രവർത്തനങ്ങളിലും സജീവമായി. ജംഇയ്യതുൽ ഉലമയെ ഹിന്ദിലും തബ്ലീഗ് പ്രവർത്തകനായും ഹജ്ജ് സെല്ലിലും നിറഞ്ഞുനിന്നു. കാഞ്ഞിപ്പുഴ ജുമാമസ്ജിദിലെ ജനാസ നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് നിർവാഹക സമിതി അംഗം മൗലവി അബ്ദുൽ ശക്കൂർ അൽ ഖാസിമി, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി.എ. അബ്ദുൽ ഗഫാർ അൽ കൗസരി, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർ കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്റ് എ.എം. ഷരീഫ്, സമസ്ത ജില്ല വൈസ് പ്രസിഡന്റ് എം. മഹ്മൂദ് മുസ്ലിയാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുല്ലാബ്ദീൻ, മാധ്യമം കൊച്ചി റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ, ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, സർക്കുലേഷൻ മാനേജർ കെ.എം. സിദ്ദീഖ്, ബിസിനസ് സൊലൂഷൻസ് മാനേജർ ടി. പ്രശാന്ത്കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ല പ്രസിഡന്റ് നുജുമുദ്ദീൻ ആലുംമൂട്ടിൽ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് എസ്. മുജീബ് റഹ്മാൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. എൻ.എസ്. ശ്രീകുമാർ, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോ. ജില്ല ട്രഷറർ എസ്.കെ. നസീർ, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, വർക്കല മന്നാനിയ വൈസ് പ്രിൻസിപ്പൽ ഷംസുദ്ദീൻ മൗലവി, മാവേലിക്കര ജോ. ആർ.ടി.ഒ എം.ജി. മനോജ് തുടങ്ങിയവർ വസതിയിലെത്തി അനുശോചിച്ചു. കേരള അറബിക് മുൻഷീസ് അസോ. ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സഅദി, ജനറൽ സെക്രട്ടറി അനസ് എം.അഷ്റഫ്, ട്രഷറർ ഇ.കെ. സുമിമോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.