ചരിത്രപടവുകളായി അനന്തപുരം,കാർത്തികപ്പള്ളി കൊട്ടാരങ്ങൾ
text_fieldsഹരിപ്പാട് അനന്തപുരം കൊട്ടാരംഹരിപ്പാട്: മയൂരസന്ദേശത്തിന്റെ നാടായ ഹരിപ്പാട്ട്, ഒരുകാലഘട്ടത്തിന്‍റെ ചരിത്രവും സാഹിത്യരംഗത്തെ ഉന്നതിയും അടയാളപ്പെടുത്തി തലയുയർത്തി നിൽക്കുകയാണ് അനന്തപുരം, കാർത്തികപ്പള്ളി കൊട്ടാരങ്ങൾ. കാലപ്പഴക്കത്തിന്റെ ജീർണത പേറുമ്പോഴും ഗ്രാമഭംഗിക്ക് മാറ്റുകൂട്ടുന്ന ഈ കൊട്ടാരങ്ങൾ നാടിന്‍റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്നു. കാവ്യലോകത്തെ അമൂല്യസംഭാവനയായ മയൂരസന്ദേശം പിറവിയെടുത്ത അനന്തപുരം കൊട്ടാരം ചരിത്രകുതുകികൾക്ക് കൗതുകക്കാഴ്ചയാണ്.
ആയില്യം തിരുനാൾ മഹാരാജാവിന്റെ അപ്രീതിക്ക് പാത്രമായ കേരളവർമ വലിയകോയിത്തമ്പുരാനെ നാലുവർഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയിൽ ഏകാന്തതടവിന് ശിക്ഷിച്ചിരുന്നു. അഞ്ചുവർഷത്തോളം അവിടെ കഴിയേണ്ടിവന്നു. ഏകാന്തതടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം അനുവദിച്ചിരുന്നു. ക്ഷേത്രത്തിൽ മയിലിന്റെ വിലാപം കേൾക്കാനിടയായെന്നും പിൽക്കാലത്ത് മയൂരസന്ദേശമെന്ന വിരഹഗീതം പിറവിയെടുത്തത് അങ്ങനെയാണെന്നുമാണ് ചരിത്രം പറയുന്നത്.
തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. കൊട്ടാരത്തിൽ മയൂരസന്ദേശത്തിന്റെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. മയൂരസന്ദേശത്തിൽ പരാമർശിക്കുന്ന കരുവാറ്റ-കോപ്പറക്കടവ്-കാർത്തികപ്പള്ളി തോട് ചാരത്താണ് കൊട്ടാരങ്ങൾ സ്ഥിതി ചെയ്യുന്നത്.
കാർത്തികപ്പള്ളി പഞ്ചായത്തിൽ കാർത്തികപ്പള്ളി ജങ്ഷന് സമീപത്താണ് മാർത്താണ്ഡവർമ പണിത രണ്ടരനൂറ്റാണ്ടിലേറെ പഴക്കമുള്ള കാർത്തികപ്പള്ളി കോയിക്കൽ കൊട്ടാരമുള്ളത്. കുമാരപുരം പഞ്ചായത്തിൽ ഡാണാപ്പടി ജങ്ഷന് പടിഞ്ഞാറുഭാഗത്തായാണ് അനന്തപുരം കൊട്ടാരം.
രാജവംശത്തിന്റെ പിന്മുറക്കാരാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്. ചരിത്രപ്രാധാന്യം മനസ്സിലാക്കി ഇവിടെയെത്തുന്നവർക്ക് കാര്യങ്ങൾ വിശദീകരിക്കാനും കാഴ്ചകൾ കാണാനുമുള്ള അവസരം ഇപ്പോഴത്തെ അവകാശികൾ നൽകുന്നുണ്ട്. കൊട്ടാരങ്ങൾ ആവുന്നതുപോലെ സംരക്ഷിക്കാനും ഇവർ പരിശ്രമിക്കുന്നു. കലാസാഹിത്യമേഖലകളിലെ നിരവധി പ്രവർത്തനങ്ങൾക്ക് ഈ കൊട്ടാരങ്ങൾ ഇപ്പോഴും വേദിയാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.