കരുവാറ്റക്ക് നഷ്ടമായത് മരുമകനെ
text_fieldsഹരിപ്പാട്: ഉമ്മൻ ചാണ്ടി കരുവാറ്റയുടെ മരുമകനാണ്. കരുവാറ്റ പഞ്ചായത്ത് അഞ്ചാം വാർഡിൽ കുഴിത്താറ്റിൽ തറവാടാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യവീട്. കരുവാറ്റക്കാരുടെ രണ്ടാമത്തെ മന്ത്രി മരുമകനാണ് ഉമ്മൻ ചാണ്ടി. നായനാർ മന്ത്രിസഭയിലെ ഹരിജൻ ക്ഷേമ-രജിസ്ട്രേഷൻ മന്ത്രി പരേതനായ പി.കെ. രാഘവനായിരുന്നു ആദ്യത്തെ മന്ത്രി മരുമകൻ.
കരുവാറ്റയിലെ പ്രമുഖ ക്രൈസ്തവ കുടുംബമാണ് കുഴിത്താറ്റ്. തിരുവിതാംകൂറിലെ ആദ്യത്തെ ക്രൈസ്തവ നിയമ ബിരുദധാരി അഡ്വ. എം. മാത്യുവിന്റെ കൊച്ചുമകളും അധ്യാപകനായ എബ്രഹാമിന്റെയും അച്ചാമ്മയുടെയും ഇളയ മകളുമായ മറിയാമ്മയെ 1977 മേയ് 30നാണ് വിവാഹം കഴിക്കുന്നത്.
കോട്ടയത്ത് കനറാ ബാങ്കിലെ ജീവനക്കാരിയായിരുന്നു മറിയാമ്മ. കോട്ടയം ഡി.സി.സിയുടെ അക്കൗണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി ബാങ്കിൽ നടത്തിയ സന്ദർശനത്തിനിടയിലാണ് മറിയാമ്മയെ പരിചയപ്പെടുന്നതും വിവാഹത്തിൽ കലാശിക്കുന്നതും.
തൊഴിൽ മന്ത്രിയായിരിക്കുമ്പോഴായിരുന്നു വിവാഹം. യാത്രക്ലേശം ഏറെ അനുഭവിച്ചിരുന്നപ്പോൾ ആശ്രമം - കുറ്റിത്തറ റോഡ് യാഥാർഥ്യമാക്കിയത് ഇവിടത്തുകാർ ഓർക്കുന്നു. ഭാര്യവീട്ടിലേക്ക് ആദ്യമായി വന്ന ദിവസം കോൺഗ്രസ് പ്രവർത്തകൻ ലാസർ തുണ്ടുകളത്തിലാണ് റോഡിന്റെ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയത്. പ്രധാന ചടങ്ങുകൾക്കും സമീപ പ്രദേശങ്ങളിൽ പരിപാടികളുമായി ബന്ധപ്പെട്ട് എത്തുന്ന സമയങ്ങളിലുമാകും ഭാര്യവീടും സന്ദർശിക്കുക. വിഭവസമൃദ്ധമായ ഭക്ഷണം ഒന്നും ഉമ്മൻചാണ്ടി ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കുടുംബത്തിൽ ഇപ്പോൾ താമസിക്കുന്ന അഡ്വ. പ്രഭു മാത്യു പറഞ്ഞു.
കപ്പ കുഴച്ചതും കുടംപുളിയിട്ടുവെച്ച മീൻകറിയും കൊടുത്താൽ വലിയ സന്തോഷം. ആറും വയലും ഇഷ്ടത്തോടെ നോക്കിനിൽക്കാറുണ്ട്. പതിവിലും കൂടുതൽ സമയം ഉറങ്ങാറുള്ളത് ഇവിടെ എത്തുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. കരുവാറ്റയിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന പരേതനായ പുലിപ്ര ചെല്ലപ്പൻ നായരായിരുന്നു ഇവിടെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും വലംകൈയായും ഉണ്ടായിരുന്നത്.
2020ൽ ഭാര്യാ സഹോദരി ലില്ലി തോമസിന്റെ ഓർമദിനത്തിൽ പങ്കെടുക്കാനാണ് അവസാനമായി കരുവാറ്റയിലെത്തിയത്. ഭാര്യാ സഹോദരൻ പരേതനായ എം. മാത്യുവിന്റെ മക്കളായ അഡ്വ. പ്രഭു മാത്യു, ഭാര്യ സുമിൻ, മകൾ സേബ, മറ്റൊരു മകൻ എം.ടി. രാജാജി എന്നിവരാണ് കുഴിത്താറ്റ് കുടുംബത്തിൽ ഇപ്പോൾ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.