കായംകുളം സമൂഹവ്യാപന ഭീഷണിയിൽ
text_fields
കായംകുളം: സമ്പർക്ക വിലക്ക് ലംഘിക്കുന്നത് ടൗണിലെ കോവിഡ് സമൂഹ വ്യാപനത്തിന് കാരണമാകുന്നു. ക്വാറൻറീൻ ലംഘിച്ച് മറ്റുള്ളവരുമായി സഹകരിക്കുന്നത് രോഗവ്യാപനത്തിന് കാരണമായതായാണ് അധികൃതരുടെ വിലയിരുത്തൽ. വെള്ളിയാഴ്ച ഒരുകുടുംബത്തിലെ അഞ്ച് പേരടക്കം 10പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ഉയരുകയാണ്. ഇതോടെ സമ്പർക്ക വ്യാപനത്തിലൂടെയുള്ള രോഗികളുടെ എണ്ണം ടൗണിൽ മാത്രം 30 ആയി ഉയർന്നു.
എം.എസ്.എം കോളജിൽ ജൂൺ 29, 30 തീയതികളിൽ നടന്ന ബി.എസ്സി കെമിസ്ട്രി അവസാനവർഷ പ്രാക്ടിക്കൽ പരീക്ഷയിൽ പെങ്കടുത്ത വിദ്യാർഥിക്കും രോഗഉറവിടമെന്ന് സംശയിക്കുന്ന മത്സ്യ മൊത്തവിപണന കേന്ദ്രത്തോട് ചേർന്നുള്ള രണ്ടുപേർക്കും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു. 22 പേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. ഇതിൽ ആദ്യം രോഗം ബാധിച്ചയാൾ പ്ലാസ്മ ചികിത്സയിലൂടെ ഭേദമായശേഷം മരിച്ചിരുന്നു.
കുടുംബാംഗങ്ങൾ കഴിഞ്ഞാൽ മത്സ്യ മൊത്തവ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട് നിന്നവരിലാണ് കൂടുതലായി രോഗം കണ്ടെത്തിയത്. മൂന്ന് നഗരവാസികളും കുറത്തികാട് സ്വദേശിയുമാണ് ചികിത്സയിലുള്ളത്.
കോവിഡ് ബാധിതർ രോഗം തിരിച്ചറിയാതെ ഗവ. ആശുപത്രിയിൽ ചികിത്സക്ക് എത്തിയതും ആശങ്കക്ക് കാരണമാവുകയാണ്. ചെന്നിത്തല സ്വദേശികളായ രണ്ടുപേരും കുറത്തികാട് സ്വദേശിയുമാണ് ആദ്യം ഇവിടെ എത്തിയത്. ഇതിൽ ചെന്നിത്തല സ്വദേശിയുടെ റൂട്ട്മാപ് മാത്രമാണ് പുറത്തുവിടാനായത്.
വന്ന കുറത്തികാട് സ്വദേശിയുടേതടക്കമുള്ളവരുടെ റൂട്ട്മാപ്പുകൾ വൈകുന്നതും പ്രതിരോധപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇലിപ്പക്കുളത്ത് രോഗം സ്ഥിരീകരിച്ച വയോധികനും ജൂൺ 20ന് ഇവിടെ ചികിത്സ തേടിയിരുന്നു. ഇത്തരം സാഹചര്യത്തിൽ ആശുപത്രി നടപടികളും കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറുകയാണ്. ഒ.പി വിഭാഗം അടക്കമുള്ളവ കരുതലോടെ മാത്രമായിരിക്കും പ്രവർത്തിപ്പിക്കുക.
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്രവപരിശോധന സംവിധാനവും ഉൗർജിതപ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. നാലാം വാർഡിലെ ഷഹീദാർ മദ്റസ കേന്ദ്രീകരിച്ചുള്ള പരിശോധന സെൻറർ വെള്ളിയാഴ്ച ആരംഭിച്ചു. ഇവിടെയും താലൂക്ക് ആശുപത്രിയിലുമായി 250 ഒാളം പേരുടെ സ്രവമാണ് എടുത്തത്. വേഗത്തിൽ ഫലം അറിയാൻ കഴിയുന്ന സംവിധാനം ചേരാവള്ളി അർബൻ ഹെൽത്ത് സെൻററിൽ സ്ഥാപിക്കാനുള്ള നടപടികളും ഉൗർജിതമാക്കിയിട്ടുണ്ട്. രോഗവ്യാപന സാധ്യത മുൻനിർത്തി നഗരവാസികൾ നിയന്ത്രണങ്ങൾക്ക് തയാറാകണമെന്ന് ചെയർമാൻ എൻ. ശിവദാസൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.