എരുവയുടെ ഹൃദയം കവർന്ന അബ്ദുൽസലാം
text_fieldsകായംകുളം: കേൾക്കാനും പറയാനുമാവില്ലെങ്കിലും എരുവ ചെമ്പകപ്പള്ളി മസ്ജിദിൽ ഹിദ്മത്തുകാരനായി അബ്ദുൽ സലാം നിറഞ്ഞുനിൽക്കുകയാണ്. ഹൃദ്യമായ സമീപനങ്ങളാൽ വൈകല്യങ്ങളെ അതിജീവിച്ച എരുവ കോൽത്തഛൻ മുറിയിൽ അബ്ദുൽ സലാമിന്റെ (52) സേവനവഴിയിലെ സഞ്ചാരത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
‘ആദാമിന്റെ മകൻ അബുവിനെ’ ഓർമിപ്പിക്കുന്ന സേവനപ്രവൃത്തികളാണ് ബധിരനും മൂകനുമായ സലാമിനെ വേറിട്ട് നിർത്തുന്നത്. പള്ളിയായാലും കല്യാണ വീടായാലും മരണവീടായാലും കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് പോകുന്നതിൽ സലാമിന്റെ ഇടപെടലുണ്ടാകും.
വൈകല്യത്തിന്റെ ദുരവസ്ഥയിൽ മൂന്നാംക്ലാസിൽ പഠിപ്പ് നിർത്തിയതോടെയാണ് നാട്ടിൽ സഹായിയുടെ റോൾ തെരഞ്ഞെടുക്കുന്നത്. 12 വയസ്സിൽ തുടങ്ങിയ പന്തൽ പണിക്കാരന്റെ ജോലി ഇപ്പോഴുമുണ്ട്. എത്തുന്ന ഇടങ്ങളിലെല്ലാം വേഗത്തിൽ സൗഹൃദം കൂടുന്ന പ്രകൃതമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
നാട്ടിലെ എല്ലാപരിപാടികളുടെയും വീടുകളിലെ ചടങ്ങുകളുടെയും മുൻനിരയിൽ സലാമുണ്ടാകും. വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്നത് മുതൽ വൈകിട്ട് എല്ലാം ഒതുക്കുന്നത് വരെ മേൽനോട്ടക്കാരനായി നിറഞ്ഞുനിൽക്കും. പാചകം അറിയാവുന്നതിനാൽ ഇടക്ക് ‘പണ്ടാരിയായും’ മാറും.
ചെമ്പകപ്പള്ളി കൂടാതെ നൈനാരേത്ത് മസ്ജിദും ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലയാണ്. ഓരോവർഷവും മാറി മാറി രണ്ട് പള്ളിയിലും സേവനത്തിന് എത്തും. ഇത്തവണ ചെമ്പകപ്പള്ളി മസ്ജിദിലെ കാര്യക്കാരന്റെ ചുമതലയാണ് നിർവഹിക്കുന്നത്. പാചക സഹായിയും വിളമ്പുകാരനായും തുടങ്ങി എല്ലാത്തിന്റെയും മേൽനോട്ടക്കാരനായി മാറും.
പള്ളികളിൽ നാല് പതിറ്റാണ്ടായി തുടരുന്ന സേവനസ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാറില്ല. വാട്സാപ്പ് അക്കൗണ്ട് തുടങ്ങിയതോടെ തന്റെ സ്റ്റൈലൻ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.