അമിതവേഗം; കായംകുളം-പുനലൂർ റോഡ് കുരുതിക്കളം
text_fieldsചാരുംമൂട്: അപകട മേഖലയായി കെ.പി (കായംകുളം-പുനലൂർ) റോഡും പ്രധാന റോഡുകളും. പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും അപകട നിയന്ത്രണപദ്ധതികൾ ഫയലിൽ ഒതുങ്ങി. വ്യാഴാഴ്ച രാവിലെ ടോറസ് ലോറിയിടിച്ച് നൂറനാട് പണയിൽ പാലമുക്കിൽ പ്രഭാത സവാരിക്കിറങ്ങിയ മൂന്നുപേർ അതിദാരുണമായി കൊല്ലപ്പെട്ടതാണ് ഏറ്റവും അവസാനത്തെ സംഭവം.
കെ.പി റോഡിൽ അപകടങ്ങൾ ഉണ്ടാകാത്ത ഒരുദിവസവും ഇല്ലെന്നായി. കെ.പി റോഡിലും മേഖലയിലെ പ്രധാന റോഡുകളിലും ചെറുതും വലുതുമായ അപകടങ്ങളിൽ ഒരുവർഷത്തിൽ നിരവധി ജീവനാണ് പൊലിഞ്ഞത്. മരണത്തിനും ജീവിതത്തിനും ഇടയിൽ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ. സ്വകാര്യ ബസുകളുടെയും മത്സരയോട്ടവും ടിപ്പർ ലോറികളുടെ അമിതവേഗതയുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
മികച്ച നിലവാരത്തിൽ റോഡുകൾ നിർമിച്ചതോടെയാണ് വാഹനങ്ങൾ അമിത വേഗതയിൽ പായുന്നത്. വേഗപ്പൂട്ട് ഇല്ലാതെയാണ് ടിപ്പർ ലോറികൾ ചീറിപ്പായുന്നത്. 60 കി.മീ. വേഗതയാണ് ടിപ്പറുകൾക്ക് നിശ്ചയിച്ചത്. ചിലർ ലഹരിവസ്തുക്കളും മൊബൈൽ ഫോൺ ഡ്രൈവിങ്ങിനിടെ ഉപയോഗിക്കുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം പോലും ടിപ്പറുകൾ കാറ്റിൽ പറത്തുകയാണ്.
ചീറിപ്പായുന്ന ടിപ്പറുകൾക്കും സ്വകാര്യബസുകൾക്കും ഇടയിൽപെട്ട് ഇരുചക്രവാഹന-കാൽനടയാത്രികർ ഭീതിയിലാണ്. അപകട നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും മറ്റൊരു കാരണമായി.
ചാരുംമൂട് ജങ്ഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി റോഡിലെ ഏക ഗതാഗതനിയന്ത്രണ സംവിധാനം. മാതൃക ജങ്ഷനായി പ്രഖ്യാപിച്ച ഇവിടെയും സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോകുന്ന പ്രവണതയുണ്ട്. ട്രാഫിക് നിയമ ലംഘകരെ കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കെ.പി റോഡിൽ ഒരാഴ്ച മുമ്പ് അപകടം വിതച്ച ലോറി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കരിമുളക്കൽ തുരുത്തി ജങ്ഷനും വെട്ടിക്കോടിനും ഇടയിൽ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ പയ്യനല്ലൂർ സ്വദേശി രമേശൻ ചികിത്സയിലാണ്.
കണ്ണടച്ച് പെർമിറ്റ് നൽകുന്നു
സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയതിലെ അപാകതയും മത്സര ഓട്ടത്തിനിടയാക്കുന്നു. രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് ബസുകൾക്ക് പെർമിറ്റ് നൽകിയത്. ഇതിനിടയിൽ കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തുന്നു.
അപകട നിയന്ത്രണത്തിനായി ഫ്ലയിങ് സ്ക്വാഡുകളുടെ സേവനം ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രവർത്തനം വല്ലപ്പോഴും മാത്രമായി ചുരുങ്ങി. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് അറുതി വരുത്താൻ ചാരുംമൂട്ടിലും കറ്റാനത്തും പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുമെന്ന പൊലീസ്-മോട്ടോർ വാഹന വകുപ്പുകളുടെ തീരുമാനവും നടപ്പായില്ല. റോഡിലേക്ക് ഇറക്കിയ കൈയേറ്റങ്ങളും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.
കെ.പി റോഡിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ദിശാസൂചകങ്ങൾ അടക്കം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ പേരിന് മാത്രമാണ് അധികൃതർ വാഹന പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.