തർക്കങ്ങൾക്ക് പരിഹാരമായി; ജില്ല കലോത്സവം കായംകുളത്തുതന്നെ
text_fieldsകായംകുളം: സ്വാഗതസംഘം ഭാരവാഹികളെ നിശ്ചയിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ ജില്ല സ്കൂൾ കലോത്സവം കായംകുളത്തു തന്നെ നടത്താൻ തീരുമാനം. നവംബർ അവസാനവാരം നിശ്ചയിച്ച കലോത്സവം ഡിസംബർ രണ്ട് മുതൽ അഞ്ച് വരെ നടത്തും. 30ന് രജിസ്ട്രേഷൻ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ പരിഹാരമായതോടെയാണ് തീരുമാനം.
അധ്യാപക നേതാവിനെതിരെ നഗരസഭ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ തുടർ നടപടികളുണ്ടാകില്ലെന്നതാണ് പ്രധാന തീരുമാനം. കൂടാതെ സബ് കമ്മിറ്റികളുടെ ചെയർമാൻമാരെ സംഘടനകളുടെ താൽപര്യത്തിന് അനുസരിച്ച് മാറ്റി നൽകുന്നതിലും ധാരണയായി. സ്വാഗതസംഘം രൂപവത്കരണം ഈമാസം 20ന് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്സൻ പി. ശശികല, ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. ശ്രീലത, സ്ഥിരംസമിതി അധ്യക്ഷ മായ രാധാകൃഷ്ണൻ, അധ്യാപക സംഘടന പ്രതിനിധികളായ പി.ഡി. ജോഷി, വി.ആർ. ബീന, അനസ് എം. അഷറഫ്, ബി. ബിജു, പോരുവഴി ബാലചന്ദ്രൻ, ഉണ്ണി ശിവരാജൻ, എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
അതേസമയം, ചൊവ്വാഴ്ച നടന്ന സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ വിഷയം ചൂടേറിയ ചർച്ചക്ക് കാരണമായതായി അറിയുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി. ഗാനകുമാർ, അഡ്വ. എൻ. ശിവദാസൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സി.പി.എം നേതൃത്വത്തിന്റെയും പാർലമെന്ററി പാർട്ടിയുടെയും അറിവില്ലാതെ അധ്യാപക സംഘടന നേതാവിനെതിരെ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന അഭിപ്രായവും ഉയർന്നു. കലോത്സവം സുഗമാക്കുന്നത് സംബന്ധിച്ച് യു. പ്രതിഭ എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ പി. ശശികലയും സി.പി.എം നേതൃത്വവുമായി ചർച്ച നടത്തുന്ന സമയത്താണ് പ്രമേയം തയാറാക്കിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾക്ക് ഇതിൽ പങ്കുണ്ട്. എന്നാൽ, ഇതിന് പിന്നിൽ പ്രവർത്തിച്ച കൗൺസിലർമാർ യോഗത്തിന് പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.