കാലാവധി കഴിഞ്ഞ ജീവനക്കാർക്ക് നിയമനം; നഗരസഭ കൗൺസിൽ ബഹളത്തിൽ കലാശിച്ചു
text_fieldsകായംകുളം: കാലാവധി കഴിഞ്ഞ ജീവനക്കാരുടെ നിയമനം അജണ്ടയാക്കിയ നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലാണ് നിയമന കാലാവധി കഴിഞ്ഞവർ ജോലി ചെയ്തത്. ഇവരുടെ നിയമനം സാധൂകരിക്കുന്നതടക്കമുള്ള വിഷയങ്ങൾ അജണ്ടയാക്കിയ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതിരുന്നതാണ് പ്രശ്നമായത്.
പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ ഭരണനേതൃത്വം വെട്ടിലായി. ഇതേചൊല്ലി തർക്കം രൂക്ഷമാകുന്ന അവസരം മുതലെടുത്ത് ഈ അജണ്ട മാത്രം പാസായതായി കാട്ടി ചെയർപേഴ്സൺ കൗൺസിൽ പിരിച്ചുവിടുകയായിരുന്നു.
ഇതോടെ ഹാജർബുക്ക് പിടിച്ചെടുത്ത പ്രതിപക്ഷം ഇതിന്റെ ചിത്രം പകർത്തിയത് ഭരണപക്ഷത്തെ വെട്ടിലാക്കുന്നതായി. 23 ൽ 13 പേർ മാത്രമാണ് ഭരണപക്ഷത്ത് നിന്നു പങ്കെടുത്തത്. ഹാജരായ വൈസ് ചെയർമാൻ ജെ. ആദർശ് ഒപ്പിടാൻ വിട്ടുപോയതും പ്രശ്നമായി.
യു.ഡി.എഫും ബി.ജെ.പിയുമായി 20 പേർ പ്രതിപക്ഷത്ത് നിന്നു പങ്കെടുത്തിരുന്നു. ഭൂരിപക്ഷമില്ലാത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. തുടർന്ന് സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിച്ചു.
സമരത്തിന് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ബിദു രാഘവൻ, പി.സി. റോയി, അൻസാരി കോയിക്കലേത്ത്, ബിജു നസറുള്ള, ആർ. സുമിത്രൻ, അൻഷാദ് വാഹിദ്, ആർ. അംബിക, പി. ഗീത, ലേഖ സോമരാജൻ, മിനി സാമുവൽ, ഷീജ റഷീദ്, ഷൈനി ഷിബു എന്നിവർ നേതൃത്വം നൽകി.
കാലാവധി കഴിഞ്ഞവർ പദ്ധതി തുക കൈകാര്യം ചെയ്തത് വിവാദത്തിലേക്ക്
കായംകുളം: നിയമന കാലാവധി കഴിഞ്ഞ തൊഴിലുറപ്പ് പദ്ധതിയിലെ രണ്ട് ജീവനക്കാർ നഗരസഭയിൽ അരക്കോടിയോളം രൂപയുടെ പദ്ധതി കൈകാര്യം ചെയ്ത നടപടി വിവാദത്തിലേക്ക്. ഇവരുടെ സേവനം നവംബർ 24ന് അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് 20ന് ഇവർ സെക്രട്ടറിക്ക് അപേക്ഷ നൽകി. ഇതിൽ നടപടിയെടുക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ ചെയർപേഴ്സണ് മുൻകൂർ അനുമതി നൽകാൻ കഴിയുമായിരുന്നു. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ചസംഭവിക്കുകയായിരുന്നു. ഇക്കാലയളവിൽ നടത്തിയ സാമ്പത്തിക ക്രയവിക്രയങ്ങൾ ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. എല്ലാ കൗൺസിലർമാരെയും ബാധിക്കുന്ന വിഷയം കൗൺസിലിന് പുറത്ത് പരിഹരിക്കുന്നതിൽ ഭരണ നേതൃത്വം പരാജയപ്പെട്ടതായും ആക്ഷേപമുണ്ട്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നതിലാണ് പാളിയത്. അതോടൊപ്പം ഇത്രയേറെ ഗൗരവമുള്ള അജണ്ട ചർച്ച ചെയ്യുന്ന കൗൺസിലിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതിരുന്നതും ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.