അശ്വമേധം കുഷ്ഠരോഗ നിർമാർജ്ജന കാമ്പയിൻ; 'രോഗം സമീപത്ത് തന്നെയുണ്ട്, കരുതിയിരിക്കുക'
text_fieldsകായംകുളം: ‘രോഗം ഒരു കുറ്റമാണോ ഡോക്ടർ’ എന്ന് അശ്വമേധം നാടകത്തിലെ ചോദ്യം മലയാളികൾക്ക് മറക്കാനാവില്ല. കുഷ്ഠരോഗത്തെ ചർച്ചയാക്കിയ ആ ഓർമകൾ ഇന്ന് വീണ്ടും സമൂഹത്തിൽ ഉയരുകയാണ്. രോഗത്തിന് എതിരെ ഇപ്പോൾ നടക്കുന്ന കാമ്പയിനാണ് ഏറെക്കാലങ്ങളോളം മലയാളികളുടെ മനസ്സിനെ പൊള്ളിക്കുകയും ഉത്തരമില്ലാതെ ആകുലത ഉണ്ടാക്കുകയും ചെയ്ത ചോദ്യവും ചർച്ചയിലേക്ക് വരുന്നതിന് കാരണമായത്. കുഷ്ഠരോഗത്തിന് എതിരെ നടന്ന ഏറ്റവും വലിയ ബോധവത്കണമായിരുന്നു 1960കളിൽ കെ.പി.എ.സി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ അശ്വമേധം നാടകത്തിലൂടെ സമൂഹത്തിൽ നടന്നത്. സമൂഹം ഭ്രഷ്ട് കൽപ്പിച്ച രോഗത്തെ ശക്തമായ പോരാട്ടങ്ങൾക്ക് ഒടുവിലാണ് പൂർണമായും കീഴ്പ്പെടുത്തിയത്. വീട്ടുകാർ പുറന്തളളിയവരെ പുനരധിവസിപ്പിക്കാനായി കെട്ടി ഉയർത്തിയ ലെപ്രസി സാനിട്ടോറിയങ്ങളിൽ പുതുതായി ആരെയും പ്രവേശിപ്പിക്കാറുമില്ല. എന്നാൽ തുടച്ചുമാറ്റിയ രോഗം വീണ്ടും കടന്നുവരുന്നുവെന്നത് ആശങ്കയുണർത്തുമ്പോൾ ‘അശ്വമേധത്തിലെ’ ചോദ്യം വീണ്ടും ഉയരുകയാണ്.
ആലപ്പുഴ ജില്ലയിൽ നടക്കുന്ന ഗൃഹസന്ദർശന കാമ്പയിനുകളിലൂടെ നിരവധി രോഗികളെയാണ് കണ്ടെത്തുന്നത്. നിലവിൽ 40 ഓളം പേരാണ് നിരീക്ഷണത്തിലും ചികിത്സയിലുമുള്ളത്. കോവിഡിന് മുമ്പ് 40 കേസുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. 2019 ന് ശേഷം ഓരോ വർഷവും 10 മുതൽ 20 പേരെ വരെ സർവേകളിലൂടെ കണ്ടെത്താൻ കഴിഞ്ഞതായി ആരോഗ്യവിഭാഗം പറയുന്നു. നിലവിൽ 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഏഴ് പേർ ജില്ലയിലുള്ളവരും അഞ്ചുപേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. രോഗ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനായി സർവേ നടക്കുന്നുണ്ടെങ്കിലും ശരിയായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് സന്നദ്ധപ്രവർത്തകരുടെ പരാതി. രോഗം മറച്ചുവെക്കുകയും ജില്ലക്ക് പുറത്ത് ചികിത്സ തേടുകയും ചെയ്യുന്നതാണ് പ്രശ്നം. ഇതര സംസ്ഥാന തൊഴിലാളികളിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ അവരെ ചികിത്സക്ക് വിധേയമാക്കാതെ ഒഴിവാക്കുന്ന രീതി ഉടമകൾ സ്വീകരിക്കുന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. തൊഴിലാളികളാകട്ടെ നാട്ടിൽ തന്നെ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറുകയാണ് പതിവ്. ഹെൽത്ത് കാർഡ് സമ്പ്രദായം ഇല്ലാത്തതാണ് ഇവർക്ക് സൗകര്യമാകുന്നത്. കാർഡ് ഏർപ്പെടുത്തിയാൽ മാത്രമെ ഇതിന് പരിഹാരമാകുകയുള്ളു.
ജില്ലയിൽ പരിശീലനം നേടിയ 6870 സന്നദ്ധ പ്രവർത്തകരെയാണ് സർവേക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ മേൽനോട്ടത്തിനായി 611 സൂപ്പർവൈസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. പതിനായിരത്തില്‍ 0.13 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആറ് മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാകും. ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിക്കുന്നതാണ് ഏറെ സൗകര്യം.
ആലപ്പുഴ ജില്ലയിൽ തീരദേശത്ത് വരെ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ കുഷ്ഠരോഗികളെ പാർപ്പിച്ചിരിക്കുന്ന നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്‍റെ പരിസര പഞ്ചായത്തുകളിൽ ഒന്നിൽ പോലും പുതിയ രോഗികൾ ഇല്ലായെന്നത് ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതായി. രോഗം ബോധപൂർവം മറച്ചുവെക്കുന്നത് അപകടകരമായ സാഹചര്യങ്ങൾക്ക് വഴിതെളിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളുള്ളവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നാണ് നിർദ്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.