നാമ്പുകുളങ്ങരയിൽ കോൺഗ്രസ് നേതാവിന്റെ വീട് കുത്തിത്തുറന്ന് വൻ കവർച്ച
text_fieldsകായംകുളം: കറ്റാനം നാമ്പുകുളങ്ങരയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഡി.സി.സി ജനറൽ സെക്രട്ടറി കറ്റാനം നാനാശേരിൽ അവിനാശ് ഗംഗന്റെ വീട്ടിലാണ് സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവനോളം വരുന്ന സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് നഷ്ടമായത്. മുൻവശത്തെ വാതിൽ കുത്തി തുറന്നാണ് കള്ളൻ അകത്ത് കയറിയത്. ഈസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരൻ ആഷ്ലിയുടെ എറണാകുളത്തെ വീട്ടിൽ വ്യാഴാഴ്ച രാവിലെ പോയ കുടുംബം വെള്ളിയാഴ്ച പുലർച്ചെ 1.30ന് മടങ്ങി എത്തുമ്പോഴാണ് സംഭവം അറിയുന്നത്. അലമാരകളും മേശകളും തകർത്ത നിലയിലായിരുന്നു. തുണികളടക്കുള്ളവ പുറത്തേക്ക് വാരി വലിച്ചിട്ടിരുന്നു. ഇരുമ്പ് അലമാര തകർത്താണ് സ്വർണവും പണവും അപഹരിച്ചത്.
ഡോഗ് സ്കോഡ്, ഫോറൻസിക് സംഘം, വള്ളികുന്നം പൊലീസ് എന്നിവർ സ്ഥലത്ത് എത്തി വിദഗ്ധ പരിശോധ നടത്തി. മണം പിടിച്ച് കട്ടച്ചിറ റോഡിലൂടെ ഓടിയ നായ പച്ചംകുളം ഭാഗത്ത് നിന്ന് ഇടത്തോട്ട് പാടശേഖര വഴിയിലൂടെ നാമ്പുകുളങ്ങര കുരിശുംമൂടിന് സമീപം എത്തിയാണ് നിന്നത്. നായ ഓടിയ വഴിയിലെ സി.സി.ടി.വി ദൃശ്യം അടക്കം പരിശോധിച്ച് വ്യക്തത വരുത്താനുള്ള നടപടികൾ തുടങ്ങി. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് ആറിന് രണ്ട് പേർ വീട്ടിലേക്ക് വരുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ നായ ഓടിയ വഴിയിൽ അഞ്ച് മാസം മുമ്പ് നടന്ന കവർച്ചയുടെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കട്ടച്ചിറ ദിലീപ് സദനത്തിൽ ദിലീപ് കുമാറിന്റെ വീട് കുത്തി തുറന്ന് നാലര പവൻ സ്വർണവും 50,000 രൂപയുമാണ് അന്ന് കവർന്നത്. ദിലീപും കുടുംബവും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.