ബസുകൾ ഇല്ലാതായി; കുട്ടികളും അധ്യാപകരും വലയുന്നു
text_fieldsകായംകുളം: കോവിഡ് കാലത്ത് നഷ്ടം ചൂണ്ടിക്കാട്ടി നിർത്തിവെച്ച സ്വകാര്യ ബസ് സർവിസുകൾ നിരത്തുകൾ പൂർണമായും ഉപേക്ഷിച്ചതോടെ ഓച്ചിറ-കറ്റാനം റോഡിൽ യാത്രക്ലേശം രൂക്ഷം.
സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് സ്കൂളുകളിലും കോളജുകളിലും പോയിരുന്ന കുട്ടികളെയാണ് ഇതേറെ ബാധിച്ചിരിക്കുന്നത്. ഇലിപ്പക്കുളം വട്ടക്കാട് കെ.കെ.എം. ഗവ. സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ഏറെ വലയുന്നത്.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഭാഗങ്ങളിലായി ആയിരത്തിന് മുകളിൽ കുട്ടികളും നൂറിന് മുകളിൽ അധ്യാപകരും അനധ്യാപകരും എത്തുന്ന വിദ്യാലയമാണിത്.
രാവിലെയും വൈകുന്നേരവുമായി കുട്ടികളുമായി എത്തിയിരുന്ന ഏഴ് ബസുകളാണ് ഇതുവഴിയുള്ള സർവീസ് ഉപേക്ഷിച്ചത്. വട്ടക്കാട് സ്കൂൾ കൂടാതെ ചാരുംമൂട്, കറ്റാനം, കായംകുളം, കരുനാഗപ്പള്ളി ഭാഗങ്ങളിലെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന കുട്ടികളും യാത്രപ്രശ്നം നേരിടുന്നു. താമരക്കുളം, ഭരണിക്കാവ്, ചെട്ടികുളങ്ങര, കൃഷ്ണപുരം, വള്ളികുന്നം, ഓച്ചിറ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ വട്ടകാട് സ്കൂളിൽ എത്തുന്നുണ്ട്.
സഹകരണ മോട്ടോർ സ്ഥാപനമായ കെ.സി.ടിയുടെ പ്രധാനപ്പെട്ട രണ്ട് ബസ് സർവീസുകൾ നിർത്തിയതാണ് വിദ്യാർഥികളെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഓച്ചിറനിന്നും ചെങ്ങന്നൂരിനുള്ള സർവീസാണ് കോവിഡുകാല നഷ്ടം നിർത്തി ഉപേക്ഷിച്ചത്. രാവിലെ ഏഴിന് ചെങ്ങന്നൂരും ഓച്ചിറനിന്നും സർവീസ് നടത്തിയിരുന്ന ബസുകൾ രണ്ട് വഴിക്കുമുള്ള കുട്ടികൾക്കും അധ്യാപകർക്കും ഏറെ ആശ്വാസകരമായിരുന്നു.
ഇതോടൊപ്പം മറ്റ് അഞ്ച് സ്വകാര്യ ബസുകൾ കൂടി ഇല്ലാതായതോടെ ഇതുവഴിയുള്ള യാത്ര പ്രയാസകരമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.