കായംകുളത്ത് കോൺഗ്രസ് കൗൺസിലർക്ക് സ്ഥാനം നഷ്ടമായി; നറുക്കെടുപ്പിൽ ഇടതുസ്ഥാനാർഥി വിജയി
text_fieldsകായംകുളം: കോടതി ഉത്തരവിൽ വീണ്ടും വോട്ട് എണ്ണിയപ്പോൾ കായംകുളം നഗരസഭയിൽ ഇടതുപക്ഷം ഭൂരിപക്ഷം നേടി. ടെൻഡർ വോട്ടുകൂടി എണ്ണിയപ്പോൾ കോൺഗ്രസ് കൗൺസിലർക്ക് സ്ഥാനം നഷ്ടമായതാണ് ഇടതിന് നേട്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ജയിച്ച 39ാം വാർഡ് കൗൺസിലർ നസീമ ഷംസുദ്ദീനാണ് സ്ഥാനം നഷ്ടമായത്.
എതിർ സ്ഥാനാർഥി എൽ.ജെ.ഡിയിലെ ഷീബ ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടതായി കായംകുളം മുൻസിഫ് കോടതിയാണ് ഉത്തരവായത്. വോട്ട് തുല്യനിലയിലായപ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ഷീബക്ക് ഭാഗ്യം കനിഞ്ഞത്. കഴിഞ്ഞ തവണ എണ്ണാതിരുന്ന ടെൻഡർ വോട്ടുകൂടി പരിഗണിച്ചതോടെയാണ് ഇരുവരുടെയും വോട്ട് തുല്യനിലയിലായത്. തുടർന്നാണ് കോടതിയുടെ സാന്നിധ്യത്തിൽ നറുക്കെടുത്തത്.
മുൻസിഫ് കോടതിയിലായിരുന്ന തെരഞ്ഞെടുപ്പ് കേസ് വൈകിയതോടെ ഹൈകോടതിയെ സമീപിച്ചാണ് രണ്ടുമാസത്തിനുള്ളിൽ തീർക്കണമെന്ന ഉത്തരവ് നേടിയത്. കള്ളവോട്ട് എന്ന നിലയിൽ ഒരു വോട്ട് അന്ന് യു.ഡി.എഫ് ചലഞ്ച് ചെയ്താണ് ടെൻഡർ വോട്ടാക്കി മാറ്റിയത്. ഇടതുസ്ഥാനാർഥിയുടെ വാദം അംഗീകരിച്ച കോടതി ടെൻഡർ വോട്ടുകൂടി പരിഗണിക്കാൻ ഉത്തരവിടുകയായിരുന്നു.
ഇതോടെ 44 അംഗ കൗൺസിലിൽ കക്ഷിനില 23 ആയി ഉയർന്നത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് ആശ്വാസമാകും. വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ കൗൺസിലിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായത് ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഭൂരിപക്ഷമില്ലാതിരുന്നതിനാൽ പല വിഷയത്തിലും ഭരണപക്ഷം തിരിച്ചടി നേരിട്ടിരുന്നു.
യു.ഡി.എഫിന്റെ അംഗബലം 17 ആയി കുറഞ്ഞു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുണ്ട്. ഒരാൾ സ്വതന്ത്ര നിലപാടിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.