കായംകുളത്തെ യൂത്ത് കോൺഗ്രസിൽ ചികിത്സ പണപ്പിരിവ് വിവാദം
text_fields1. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
അരിത ബാബുവിന്റെ എഫ്.ബി പോസ്റ്റ്, 2. യൂത്ത്
കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ
പ്രതികരണ പോസ്റ്റ്
കായംകുളം: പൊലീസ് ലാത്തി ചാർജിൽ സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിക്കായി പിരിവെടുത്ത തുക നൽകിയില്ലെന്ന ആക്ഷേപം വിവാദമാകുന്നു. ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്താണ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ സമൂഹ മാധ്യമ കുറിപ്പിന് മറുപടിയായി ഗുരുതര ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് കലക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച അരിതയുടെ കുറിപ്പാണ് സംശയങ്ങളുടെ പുകപടലങ്ങൾ ഉയർത്തിയിരിക്കുന്നത്. ലാത്തിച്ചാർജിൽ ജില്ല പ്രസിഡന്റ് എം.പി. പ്രവീണിന് ഒപ്പം മേഘ രഞ്ജിത്തിനും സാരമായി പരിക്കേറ്റിരുന്നു. കഴുത്തിനേറ്റ ആഘാതത്തിൽനിന്ന് മേഘ ഇന്നും മുക്തയായിട്ടില്ല. ഇപ്പോഴും ചികിത്സയിലാണ്. ഈ പശ്ചാത്തലത്തിൽ മേഘ എഫ്.ബിയിൽ കുറിപ്പ് ഇട്ടിരുന്നത് ചർച്ചക്ക് കാരണമായിരുന്നു.
അപരിചിതരായ ഒരു കൂട്ടം മനുഷ്യർ ഈ വീഴ്ചയിൽ കൈപിടിച്ചുയർത്താൻ കൂടെയുണ്ടായിരുന്നു. പക്ഷേ, പരിചിതരായ പലരും അകന്നുവെന്ന് തുടങ്ങിയ കുറിപ്പ് ചില സഹപ്രവർത്തകരെ ഉന്നംവെച്ചുള്ളതാണെന്ന് കാട്ടിയുള്ള കുറിപ്പ് വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേരിതിരിഞ്ഞുള്ള ചർച്ചക്കാണ് വഴിയൊരുക്കിയത്.
ഇന്നും ആശുപത്രി ജീവിതത്തിൽനിന്ന് മുക്തമാകാത്തതും ജോലി ചെയ്യാൻ കഴിയാത്തതിന്റെ പ്രതിസന്ധികളും ലക്ഷങ്ങളുടെ വായ്പ തിരികെയടക്കാൻ കഴിയാത്തതിന്റെ പ്രശ്നങ്ങളുമൊക്കെയായ നിരാശകളും മേഘയുടെ പ്രതികരണത്തിന് കാരണമായി.
ഇതിന് മറുപടിയെന്നവണ്ണമാണ് അരിതയുടെ കുറിപ്പ് വന്നതത്ര. ഇതിൽ ഏകദേശം എട്ട് ലക്ഷം രൂപ സമാഹരിച്ച് കൈമാറിയതായും പറയുന്നു. ഈ കുറിപ്പിന് താഴെ പണം തനിക്ക് കിട്ടിയിട്ടില്ലെന്ന് കാട്ടി മേഘ പ്രതികരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിന് ശേഷം വിഷയത്തിൽ വ്യക്തത വരുത്തുന്ന തരത്തിൽ പ്രതികരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. മേഘയുടെ പേരിൽ വൻതോതിൽ പിരിവ് തട്ടിപ്പ് നടന്നുവെന്നും ഇല്ലെന്നുമുള്ള അണിയറ സംസാരങ്ങൾ സജീവമാണ്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇരുവരും തയാറാകാത്തതും സംശയങ്ങളുടെ പുകമറക്ക് ആക്കം കൂട്ടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.