കുഴൽക്കിണർ നിർമാണമറവിൽ ഭൂജല വകുപ്പിൽ അഴിമതി
text_fieldsകായംകുളം: ജില്ലയിൽ സ്വകാര്യ കുഴൽക്കിണർ നിർമാണ കമ്പനികളെ സഹായിക്കുന്നതിനായി ഭൂജല വകുപ്പിൽ നടക്കുന്ന തട്ടിപ്പും അഴിമതിയും പുറത്തായതോടെ ഉദ്യോഗസ്ഥർ അങ്കലാപ്പിൽ. ജില്ല ധനകാര്യ പരിശോധന സ്ക്വാഡിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന അഴിമതി പുറത്തുവന്നത്. താമരക്കുളം പഞ്ചായത്തിൽ സ്വകാര്യ വ്യക്തിക്ക് കിണർ നിർമിച്ചതിലെ അട്ടിമറി സംബന്ധിച്ച പരാതി ക്രമക്കേടുകൾ മറനീക്കാൻ കാരണമായി. 56 ദിവസം കുഴിച്ചിട്ട് ഭൂജല വകുപ്പ് ഒഴിവാക്കിയ അതേസ്ഥലത്ത് സ്വകാര്യ കമ്പനി കിണർ സ്ഥാപിച്ചതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സർക്കാറിന് നഷ്ടം സംഭവിച്ച ഒന്നര ലക്ഷത്തോളം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നാണ് ധനകാര്യ പരിശോധനവിഭാഗത്തിന്റെ ശിപാർശ. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി വിജിലൻസ് അന്വേഷണം വേണമെന്നും നിർദേശമുണ്ട്.
ഭൂജല വകുപ്പിന്റെ പ്രവൃത്തികളിലൂടെ സർക്കാറിന് സാമ്പത്തിക നഷ്ടം സംഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. താമരക്കുളത്ത് കുഴൽകിണർ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുടിവെള്ളം ലഭിക്കുന്ന സ്ഥലമാണെന്ന് ഹൈഡ്രോ ജിയോളജിസ്റ്റ് പരിശോധന റിപ്പോർട്ട് നൽകുന്നത് മുതലാണ് തട്ടിപ്പിന് തുടക്കം. 66 ദിവസം കുഴിച്ചശേഷം പ്രഹസന മണ്ണ് പരിശോധന നടത്തി വെള്ളം ലഭിക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ട് തയാറാക്കി നിർമാണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ഇവർ കുഴിച്ചയിടത്ത് ഭൂജല വകുപ്പിന്റെ സാമഗ്രികൾ മാറ്റുന്നതിന് മുമ്പുതന്നെ സ്വകാര്യ കമ്പനി നാല് ദിവസം കൊണ്ട് കിണർ സ്ഥാപിക്കുകയും വെള്ളം കണ്ടെത്തുകയും ചെയ്തു.
ഭൂജല വകുപ്പിലെ കരാർ ജീവനക്കാരന്റെ ബന്ധുവിന്റേതാണ് സ്വകാര്യ കമ്പനിയെന്നാണ് അറിയുന്നത്. ജില്ലയിൽ പലയിടത്തും ഈ കമ്പനിയാണ് കൂടുതൽ കിണറുകൾ സ്ഥാപിച്ചതെന്നും പറയുന്നു. ഇവരെ സഹായിക്കാനായി വഴിവിട്ട ഇടപെടലുകൾ നടത്തിയതായാണ് ആക്ഷേപം. അതിനിടെ, ഭൂജല വകുപ്പ് ആറുമാസം എടുക്കുന്ന പണികൾ സ്വകാര്യ കമ്പനികൾ 40 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കെടുകാര്യസ്ഥതയും സാമഗ്രികളുടെ പഴക്കവും അഴിമതി സാധ്യതകളും സർക്കാർ വിലാസം നിർമാണത്തിലെ കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഡീസൽ വാങ്ങുന്നതിലും തൊഴിലാളികളുടെ ഷിഫ്റ്റ് രീതിയിലും അഴിമതിയുടെ മറവുണ്ട്.
താമരക്കുളത്തെ കുഴൽകിണർ നിർമാണത്തിൽ 1,40,637 രൂപയുടെ നഷ്ടമാണ് സർക്കാറിനുണ്ടായത്. ഈ തുകയും 18 ശതമാനം പലിശയും ഹൈഡ്രോ ജിയോളജിസ്റ്റായിരുന്ന എസ്. അഞ്ജലിയിൽനിന്ന് ഈടാക്കണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ നിർദേശം. സ്വകാര്യ കമ്പനിയെ സഹായിച്ച ഇവർക്കും ജില്ല ഓഫിസർ പി.വി. ജെനറ്റിനുമെതിരെ ഭരണ വകുപ്പ് കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നിർമാണങ്ങൾ സംബന്ധിച്ച് പല രേഖകളും ഓഫിസ് ഫയലുകളിൽ ഇല്ലെന്നും കണ്ടെത്തി.
സംശയനിഴലിലുള്ള കൊല്ലം കേന്ദ്രമാക്കിയ സ്വകാര്യ സ്ഥാപനവുമായി ഉദ്യോഗസ്ഥർക്കുള്ള ബന്ധം കണ്ടെത്താനായി വിജിലൻസ് അന്വേഷണത്തിനും ശിപാർശയുണ്ട്. 43 കിണറുകളാണ് പരാതി കാലയവളവിൽ പലയിടങ്ങളിലായി ആരോപണവിധേയ സ്ഥാപനം നിർമിച്ചത്. ഇതിലൂടെ നല്ലൊരു തുക ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ എത്തിയതായി ആക്ഷേപമുണ്ട്. സമഗ്രമായ അന്വേഷണങ്ങളിലൂടെ മാത്രമേ ഭൂജല വകുപ്പിൽ കൊടികുത്തി വാഴുന്ന അഴിമതി കണ്ടെത്താനാകു. ധനകാര്യ പരിശോധന വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.