കായംകുളത്തെ സി.പി.എം ജി. സുധാകരനെ കൈവിടുന്നു
text_fieldsകായംകുളം: സംസ്ഥാന കമ്മിറ്റിയുടെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം റിപ്പോർട്ട് ചെയ്യാനായി കൂടിയ സി.പി.എം ഏരിയ കമ്മിറ്റിയിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ രൂക്ഷ വിമർശനമുയർന്നത് ഒൗദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി.
എക്കാലവും സുധാകരന് പിന്നിൽ ഉറച്ചുനിന്നവരുടെ ചുവടുമാറ്റമാണ് നേതൃത്വത്തെ ഞെട്ടിച്ചത്. ജില്ല സെക്രേട്ടറിയറ്റ് അംഗമായിരുന്ന എം.എ. അലിയാരുടെ വിയോഗത്തോടെ സംഭവിച്ച നേതൃവിടവാണ് ചേരിമാറ്റത്തിന് കാരണമായത്.
സുധാകരെൻറ നിലപാടുകൾ പാർട്ടിക്ക് ദോഷം ചെയ്തതായി ഭൂരിപക്ഷം അഭിപ്രായപ്പെട്ടപ്പോൾ പ്രതിരോധിക്കാൻ അധികമാരുമുണ്ടായില്ല. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായ ബിബിൻ സി. ബാബു, കെ.സി.ടി പ്രസിഡൻറായ എസ്. നസീം, മഹിള നേതാവ് കെ.എൽ. പ്രസന്നകുമാരി തുടങ്ങിയ ആറുപേരാണ് സുധാകരനെ പേരിനെങ്കിലും അനുകൂലിക്കാൻ തയാറായത്. നിർണായക റിപ്പോർട്ടിങ്ങിൽ യോഗത്തിൽനിന്ന് ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷെൻറ ഭാര്യയും നഗരസഭ ചെയർപേഴ്സനും മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ പി. ശശികല വിട്ടുനിന്നതും ശ്രദ്ധേയമായി.
പാർട്ടി ജില്ല കമ്മിറ്റിയിൽ ജി. സുധാകരൻ നിലനിർത്തിയിരുന്ന അപ്രമാദിത്വത്തിന് കായംകുളം ഏരിയ കമ്മിറ്റിയുടെ പിന്തുണ കരുത്ത് പകർന്നിരുന്നു. വി.എസ് പക്ഷത്ത് നിലയുറപ്പിച്ചിരുന്നവരുടെ ചിറകുകൾ അരിഞ്ഞും ഇഷ്ടക്കാരെ തിരുകിക്കയറ്റിയുമാണ് ഏരിയ കമ്മിറ്റി സുധാകരപക്ഷം നിലനിർത്തിയിരുന്നത്.
ഇദ്ദേഹത്തിെൻറ കരുത്ത് പാർട്ടിക്കുള്ളിൽ ചോർന്നതായ തിരിച്ചറിവിലാണ് പലരും മാറ്റത്തിന് തയാറായിട്ടുള്ളത്. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.