അനുനയ നീക്കം പാളി; പുള്ളിക്കണക്കിൽ സി.പി.എമ്മിൽ വീണ്ടും കൂട്ടരാജി
text_fieldsകായംകുളം: വിഭാഗീയത രൂക്ഷമായ സി.പി.എം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ അനുനയ നീക്കങ്ങൾക്കിടെ നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും കൂട്ടരാജി. ആലുംമൂട്, സൊസൈറ്റി ബ്രാഞ്ചുകളിലെ 10 പേരാണ് പുതുതായി പാർട്ടി വിട്ടത്. ഇതോടെ 22ഓളം കുടുംബങ്ങളാണ് സി.പി.എമ്മുമായി ബന്ധം വിച്ഛേദിച്ചത്.
മാവേലി സ്റ്റോർ ബ്രാഞ്ചിലെ അച്ചടക്ക നടപടിയാണ് കൂട്ടരാജിക്ക് കാരണമായത്. സമ്മേളന കാലത്തെ പുറത്താക്കൽ നടപടിയാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതോടെ ഏരിയ സെന്റർ അംഗമായ എസ്. നസീം പ്രതിനിധാനം ചെയ്യുന്ന വാർഡിൽ പാർട്ടി സംവിധാനം പൂർണമായും ദുർബലമായി. നസീമിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രൻ, പാർട്ടി അംഗം മോഹനൻ പിള്ള എന്നിവരെ പുറത്താക്കിയതാണ് വിഭാഗീയതക്ക് കാരണമായത്. തുടർന്ന് ഷാം സെക്രട്ടറിയായിരുന്ന മാവേലി സ്റ്റോർ ബ്രാഞ്ചിലെ 12 പേർ രാജിവെച്ചു.
ഇതിനു പിന്നാലെയാണ് തൊട്ടടുത്ത ബ്രാഞ്ചുകളായ ആലുംമൂട്ടിലെ ഏഴും സൊസൈറ്റിയിലെ മൂന്നുപേരും കൂടി രാജിവെച്ചത് നേതൃത്വത്തിനും തിരിച്ചടിയായി. പാർട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം അരങ്ങേറിയിരിക്കുന്നത്. നേതൃത്വം വഴങ്ങിയില്ലെങ്കിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് പുറത്താക്കിയവർ പറയുന്നത്.
വടുതലയിലും വീണ്ടും കൂട്ടരാജി
പൂച്ചാക്കൽ: സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി വിഭജിച്ച് നിലവിൽവന്ന വടുതല ലോക്കൽ കമ്മിറ്റി പരിധിയിൽ രാജി തുടർക്കഥയാകുന്നു. വടുതല ലോക്കൽ കമ്മിറ്റിയിൽനിന്ന് മൂന്നുപേർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചിരുന്നു. പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാൽപതോളം പ്രവർത്തകർ സംസ്ഥാന സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുകയാണ്.
അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയിൽ കഴിഞ്ഞ സമ്മേളന കാലയളവിൽ ശക്തമായ ചേരിതിരിവ് നിലനിന്നിരുന്നു. ലോക്കൽ സമ്മേളനത്തിൽ രണ്ട് ചേരികളായി നിന്ന് മത്സരത്തിന് കളമൊരുങ്ങിയെങ്കിലും നേതാക്കൾ ഇടപെട്ട് സമ്മേളനം പിരിച്ചുവിടുകയായിരുന്നു. പിന്നീട് സമവായത്തിലൂടെ സമ്മേളനം നടക്കുകയും അരൂക്കുറ്റി ലോക്കൽ കമ്മിറ്റി നിലവിൽ വരുകയുമുണ്ടായി. ജനുവരിയിൽ നടന്ന ലോക്കൽ കമ്മിറ്റി വിഭജനത്തോടെയാണ് വിഭാഗീയത പുറത്തുവരാൻ തുടങ്ങിയത്.
വടുതല ലോക്കൽ കമ്മിറ്റി നിലവിൽ വരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രഖ്യാപനം നടന്നില്ലെന്ന് മാത്രമല്ല വോട്ട് ചോർച്ചയുണ്ടായത് ആയുധമാക്കി എതിർ ചേരി രംഗത്ത് വന്നതോടെ വിഭാഗീയത ശക്തവുമായി. സമ്മേളനം പിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ലോക്കൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് രാജിക്കും വിഭാഗീയതക്കും ആക്കംകൂട്ടിയത്. മധുരക്കുളം ബ്രാഞ്ചിൽ സെക്രട്ടറി ഉൾപ്പെടെ 13 അംഗങ്ങളും രാജിവെച്ചത് നേതൃത്വത്തിന് തലവേദ സൃഷ്ടിക്കുന്നുണ്ട്. വടുതല ലോക്കൽ കമ്മിറ്റിയിലെ കുറച്ച് ബ്രാഞ്ചുകളിൽ പുനഃസംഘടന നടത്തിയത് സെക്രട്ടറിയുടെയും ചില ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും തന്നിഷ്ട പ്രകാരമാണെന്നാരോപിച്ചാണ് കൂടുതൽ രാജിയുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വടുതല ലോക്കൽ പരിധിയിലുണ്ടായ വോട്ട് ബഹിഷ്കരണം നേതൃത്വം ഗൗരവത്തിലെടുക്കാത്തതും രാജിക്ക് കാരണമായി പറയുന്നുണ്ട്.
ബി.ജെ.പിക്കുവേണ്ടി വോട്ടുപിടിച്ച ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്തതും ഒരു വിഭാഗത്തിന് അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച സമ്മേളനം നടക്കുന്ന കുടപുറം ബ്രാഞ്ചിൽനിന്ന് മാത്രം ആറോളം പേർ രാജിക്കത്ത് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.