യു.ഡി.എഫ് യോഗത്തിൽ കൺവീനറെ മർദിച്ച ഡി.സി.സി സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsകായംകുളം: യു.ഡി.എഫ് നേതൃയോഗത്തിൽ കൺവീനർക്ക് മർദനമേറ്റ സംഭവത്തിൽ ഡി.സി.സി സെക്രട്ടറിക്ക് എതിരെ അച്ചടക്ക നടപടിയുമായി കോൺഗ്രസ് നേതൃത്വം.
കോൺഗ്രസ് ഓഫിസിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിൽ കൺവീനർ എ.എം. കബീറിനാണ് മർദനമേറ്റത്. സംഭവത്തിൽ ഡി.സി.സി സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കെ. പുഷ്പദാസിനെയാണ് പാർട്ടിയിൽനിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഇവർ തമ്മിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുതൽ തുടങ്ങിയ തർക്കമാണ് പാർട്ടി ഓഫിസിൽ വീണ്ടും അടിയിൽ കലാശിക്കുന്നതിന് കാരണമായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേരാവള്ളിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിൽ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. സ്വാഗത പ്രസംഗത്തിൽ പുഷ്പദാസിന്റെ പേര് ഒഴിവാക്കിയതാണ് കാരണം. ഇതേചൊല്ലിയുള്ള അസഭ്യപ്രയോഗങ്ങൾക്ക് പിന്നാലെ പുഷ്പദാസിന് മർദനമേറ്റതായി ആക്ഷേപമുണ്ടായി.
തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ മുതിർന്ന നേതാക്കളുടെ സാനിധ്യത്താൽ മാരത്തോൺ ചർച്ച നടത്തിയാണ് താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്. അന്ന് മുതൽ പുകഞ്ഞുകത്തിനിന്ന വിഷയമാണ് യു.ഡി.എഫ് യോഗത്തിൽ വീണ്ടും അടിപിടിയിൽ കലാശിച്ചത്. യു.ഡി.എഫ് യോഗത്തിൽ കബീർ സ്വാഗതം പറയുന്നതിനിടെ കടന്നുവന്ന പുഷ്പദാസ് അപ്രതീക്ഷിതമായി കബീറിനെ അക്രമിക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ഇതോടെ യോഗവും അലങ്കോലമായി. സംഭവത്തിൽ ഘടകകക്ഷി നേതാക്കൾ ഉൾപ്പടെയുള്ളവർ ഒപ്പുവച്ച പരാതി കെ.പി.സി.സി-ഡി.സി.സി നേതൃത്വത്തിന് നൽകി.
വിഷയത്തിൽ പുഷ്പദാസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി.സി.സി ഭാരവാഹികളായ അഡ്വ. കെ.ആർ. മുരളീധരൻ, അഡ്വ. വി. ഷുക്കൂർ, ടി. സുബ്രമണ്യദാസ്, ജി. ഹരിപ്രകാശ് എന്നിവരടങ്ങുന്ന കമീഷനെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.