അപകടാവസ്ഥയിലായ കെ.എസ്.ആർ.ടി.സി കെട്ടിടം പൊളിക്കുന്നു
text_fieldsകായംകുളം: അപകടം പതിയിരുന്ന കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. 10 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനൽ നിർമാണത്തിനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഏറെ നാളായി ഉയരുന്ന ആവശ്യമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
ബസ് കാത്തു നിന്നിരുന്ന ആയിരങ്ങളുടെ ജീവന് ഭീഷണിയായ നിലയിലാണ് കെട്ടിടം നിലകൊണ്ടിരുന്നത്. ജീർണിച്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള തകർന്ന കെട്ടിടത്തിനുള്ളിൽ നുറ് കണക്കിന് ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ബസ് പാർക്ക് ചെയ്യുന്ന മൂന്നു വശങ്ങളിലായി നൂറുകണക്കിന് യാത്രക്കാരും ഏത് സമയവും തിങ്ങി നിൽപ്പുണ്ടാകും. ഇവരുടെയൊക്കെ ജീവന് അപകടമാകുന്ന തരത്തിലാണ് കെട്ടിടം നിലകൊണ്ടിരുന്നത്. കെട്ടിട നിർമാണത്തിനായി ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഫണ്ട് വിനിയോഗിക്കുന്നതിൽ കോർപറേഷൻ മാനേജ്മെന്റ് ഗുരുതര വീഴ്ച വരുത്തുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഏറെ സമ്മർദങ്ങൾക്ക് ഒടുവിലാണ് നടപടികളിലേക്ക് കടന്നിരിക്കുന്നത്. പുതിയ കെട്ടിട നിർമാണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി അഡ്വ. യു. പ്രതിഭ എം.എൽ.എ അറിയിച്ചു. നിർമാണം ഉടൻ തുടങ്ങാനാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.