ജില്ല സ്കൂൾ കലോത്സവം; നഗരസഭ കടുംപിടിത്തം വിട്ടാൽകായംകുളത്ത്, ഇല്ലെങ്കിൽ മാവേലിക്കര
text_fieldsകായംകുളം: അധ്യാപക സംഘടനകളുടെ രാഷ്ട്രീയ ചായ്വ് പരിഗണിച്ച് സ്വാഗതസംഘം ഭാരവാഹികളെ നിശ്ചയിച്ചയിക്കുന്നതിൽ നഗരസഭ ഭരണ നേതൃത്വം വിട്ടുവീഴ്ച ചെയ്താൽ ജില്ല സ്കൂൾ കലോത്സവം കായംകുളത്ത് നടത്താൻ അധ്യാപക സംഘടനകളുടെ യോഗത്തിൽ തീരുമാനം. നഗരസഭ ചെയർപേഴ്സൻ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കിൽ മാവേലിക്കര ഉപജില്ലയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചു.
നഗരസഭ ഭരണ നേതൃത്വത്തിന്റെ ‘ഈഗോ ക്ലാഷിൽ’ കലോത്സവ സ്വഗതസംഘ യോഗം അലങ്കോലമായത് വിവാദമായിരുന്നു. അധ്യാപക സംഘടനകളുടെ രാഷ്ട്രീയ ചായ്വ് പരിഗണിക്കാതെ സ്വാഗതസംഘം ഭാരവാഹികളെ അടിച്ചേൽപിച്ചതാണ് തർക്കത്തിന് കാരണമായത്. ഉപജില്ല കലോത്സവത്തിൽ സംഭവിച്ച പ്രോട്ടോകോൾ വീഴ്ചയാണ് ജില്ല കലോത്സവ നടത്തിപ്പിൽ നഗരസഭ ചെയർപേഴ്സൻ കർശന നിലപാട് സ്വീകരിക്കാൻ കാരണമായത്.
ചെയർമാൻമാരെ ഏകപക്ഷീയമായി നിശ്ചയിച്ചതിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തിയതിനാൽ സംഘാടകസമിതി രൂപവത്കരിക്കാനായില്ല. ഇതോടെയാണ് കായംകുളത്തെ കലോത്സവ നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. വിഷയം വഷളായത് വിദ്യാഭ്യാസ വകുപ്പിനെയാണ് പ്രതിസന്ധിയിലാക്കിയത്. ഈമാസം അവസാനവാരം നിശ്ചയിച്ച കലോത്സവം നീട്ടിവെക്കാൻ കഴിയാത്തതിനാൽ തർക്കങ്ങളുമായി അധികം മുന്നോട്ടുപോകാൻ കഴിയില്ല.
അടുത്തയാഴ്ച ആലപ്പുഴയിൽ സംസ്ഥാന ശാസ്ത്രോത്സവം നടക്കുന്നതിനാൽ ഇതിന്റെ സംഘാടന തിരക്കും പ്രശ്നമാണ്. സംസ്ഥാന കലോത്സവത്തിന്റെ തീയതിക്ക് അനുസരിച്ചാണ് ജില്ലയിലെ മേളകളും ക്രമീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാനാണ് അധ്യാപക സംഘടനകളുടെ അടിയന്തര യോഗം വിളിച്ച് അനുനയ നീക്കം തുടങ്ങിയത്. നഗരസഭ നേതൃത്വം വിട്ടുവീഴ്ചക്ക് തയാറായാൽ കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിലെ നിലപാടിൽ നഗരഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന ചർച്ച ഭരണമുന്നണിയിലും ഉയർന്നിട്ടുണ്ട്. സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും വിഷയത്തിൽ കടുത്ത അസംതൃപ്തിയിലാണ്. മുൻകാല കീഴ്വഴക്കം പാലിച്ച് സുഗമമായി കാര്യങ്ങൾ നടപ്പാക്കാമെന്നരിക്കെ തങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാതിരുന്നതാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് ഇവരുടെ നിലപാട്.
നഗരസഭ ചെയർപേഴ്സൻ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കിൽ കലോത്സവ സ്ഥലം മാറ്റണമെന്ന തീരുമാനത്തെ കെ.എസ്.ടി.എ പിന്തുണക്കാനും ഇതാണ് കാരണമായത്. ഇതിനിടെ സുഗമമായി കലോത്സവം നടത്താൻ ഉത്തരവാദപ്പെട്ടവർ തന്നെ വിഷയം വഷളാക്കിയതിൽ സി.പി.എം നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചതായി അറിയുന്നു. കലാമേള കായംകുളത്തുനിന്ന് മാറ്റാനുള്ള സാഹചര്യം ഒരുനിലക്കും ഉണ്ടാകരുതെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഇതിന്റെ ഭാഗമായി ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാന്റെ സാന്നിധ്യത്തിൽ യു. പ്രതിഭ എം.എൽ.എയെയും നഗരസഭ ചെയർപേഴ്സൻ പി. ശശികലയെയും ഏരിയ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞതായി അറിയുന്നു. പരമാവധി വിട്ടുവീഴ്ചകളിലൂടെ കലോത്സവം ഭംഗിയാക്കണമെന്ന നിർദേശമാണ് ഇവിടെ നിന്നും നൽകിയതെന്നാണ് അറിയുന്നത്.
ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുടെ നിർദേശം ചെയർപേഴ്സൻ അംഗീകരിച്ചാൽ മേള കായംകുളത്തുതന്നെ നടത്താനാകും. ഇതിന് അനുകൂലമായ സമീപനം നഗരസഭ ഭരണ നേതൃത്വത്തിൽനിന്ന് ഉണ്ടാകുമോയെന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
ഭരണപ്പോരിൽ കലോത്സവം ഇല്ലാതാക്കരുത് -യു.ഡി.എഫ്
കായംകുളം: ഭരണപ്പോരിൽ ജില്ല കലോത്സവം നഗരത്തിന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി. സ്വാഗതസംഘ യോഗം അലസിപ്പിരിഞ്ഞതിനു പിന്നിൽ എം.എൽ.എയും നഗരസഭ അധ്യക്ഷയും തമ്മിലുള്ള ചേരിപ്പോരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. നഗരസഭ തയാറാക്കിയ ഭാരവാഹി പട്ടികക്കെതിരെ ഇടത് അധ്യാപക സംഘടനകൾ രംഗത്തുവന്നതിന് പിന്നിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. തമ്മിലടി അവസാനിപ്പിച്ച് ജനങ്ങളോട് നീതിപുലർത്താൻ എം.എൽ.എയും ചെയർപേഴ്സനും തയാറാകണമെന്ന് നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ എ.എം. കബീറും ആവശ്യപ്പെട്ടു.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നഗരസഭ; അധ്യാപക നേതാവിനെതിരെ പ്രമേയം
കായംകുളം: കലോത്സവം സുഗമമായി നടത്താൻ സമവായ നീക്കം നടക്കുന്നതിനിടെ വിട്ടുവീഴ്ചയില്ലെന്ന സന്ദേശവുമായി പ്രമേയം പാസാക്കി നഗരസഭ. വെള്ളിയാഴ്ച കൂടിയ കൗൺസിലിൽ അധ്യാപക സംഘടനകൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഭരണ-പ്രതിപക്ഷ ചേരിയുടെ വിള്ളലും പരസ്യമായി. സി.പി.എം ഒറ്റക്കെട്ടായി നിന്നപ്പോൾ സി.പി.ഐയിലും യു.ഡി.എഫിലുമാണ് ഭിന്നസ്വരമുണ്ടായത്.
സി.പി.ഐ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ഭാരവാഹിയായ ബീന ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൗൺസിലർമാർ പ്രമേയം അവതരിപ്പിച്ചു. ബീന അടക്കമുള്ള മുഴുവൻ അധ്യാപകർക്ക് എതിരെയും കേസെടുക്കണമെന്ന് സി.പി.ഐ കൗൺസിലർ ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ ജെ. ആദർശ് വിഷയത്തിൽ നഗരസഭക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി. അധ്യാപക സംഘടനകളുടെ മുന്നിൽ മുട്ടുമടക്കി കലോത്സവം നടത്തേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു. നഗരസഭയെ ധിക്കരിക്കാൻ തയാറായ അധ്യാപികയെ അംഗീകരിക്കില്ലെന്ന് ചെയർപേഴ്സൻ പി. ശശികല പറഞ്ഞു.
വിഷയത്തിൽ നടപടി വേണമെന്നായിരുന്നു യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ. കലോത്സവം നഗരത്തിൽതന്നെ നടത്തണമെന്നും ഇതിനായി അധ്യാപകരെ ശത്രുപക്ഷത്ത് നിർത്താൻ പാടില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാനും ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലും നിർദേശിച്ചു. പാർട്ടി ഓഫിസിൽനിന്ന് കൊണ്ടുവന്ന ലിസ്റ്റ് സ്വാഗതസംഘത്തിൽ ചെയർപേഴ്സൻ വായിച്ചത് ശരിയായില്ലെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ലേഖ മുരളീധരനും പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷാമില അനിമോനെ ഒഴിവാക്കിയതും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.