കായംകുളത്ത് ലഹരിമരുന്ന് സംഘം അറസ്റ്റിൽ
text_fieldsകായംകുളം: ലഹരി മരുന്ന് ഉപയോഗവും വിൽപനയും നടത്തി വന്ന ആറംഗ സംഘം പിടിയിൽ. കായംകുളം ചേരാവള്ളി താന്നിക്കതറയിൽ വീട്ടിൽ കണ്ണൻ രാജു (26), കൊല്ലകയിൽ വീട്ടിൽ സൂര്യനാരായണൻ (22), മുറിയിൽ ചേടുവള്ളിൽ തറയിൽ വീട്ടിൽ അൽതാഫ് (25), ബാസിത്ത് മൻസിലിൽ അമീൻ (24), കായംകുളം പുള്ളിക്കണക്ക് കല്ലുംമൂട്ടിൽ വീട്ടിൽ അഖിൽ (21), ചേരാവള്ളി ഹാഷിം മൻസിലിൽ ഷിനാസ് (23) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയായ സൂര്യനാരായണന്റെ കൊല്ലകയിൽ വീടിന് പിറകിൽ വ്യാഴാഴ്ച വൈകീട്ട് 5.40ഓടെ കൂട്ടം ചേർന്ന് ലഹരിമരുന്ന് ഉപയോഗിക്കുമ്പോഴാണ് ഇവർ പിടിയിലായത്.
ഇവരിൽനിന്ന് ആറ് ഗ്രാം ചരസ് പിടിച്ചെടുത്തു. കായംകുളം, ചേരാവള്ളി, പുള്ളിക്കണക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കൾക്ക് ലഹരി മരുന്ന് നൽകി ഇവരുടെ സംഘത്തിൽ ചേർക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. സർക്കാർ ചെലവിൽ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യനാരായണന്റെ വീട് കേന്ദ്രീകരിച്ചാണ് ഇവർ ലഹരിമരുന്ന് വിപണനവും ഗുണ്ട പ്രവർത്തനവും നടത്തിവന്നിരുന്നതെന്ന് പൊലീസ് പറയുന്നു. സൂര്യനാരായണൻ, അൽതാഫ്, അമീൻ എന്നിവർ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.