ഓണാട്ടുകരയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു
text_fieldsകായംകുളം: നീലച്ചടയൻ കഞ്ചാവ് മുതൽ മാരക മയക്കുമരുന്നായ രാസലഹരികളുടെ വിപണനം വരെ ഓണാട്ടുകരയിൽ വ്യാപകമാകുന്നു. കഞ്ചാവ് കടത്ത് ശക്തമായതോടെ കച്ചവടക്കാരെ തേടി പൊലീസും എക്സൈസും പരിശോധന കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്തുനിന്നായി 22 കിലോഗ്രാം കഞ്ചാവാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിടികൂടിയത്. ഇലിപ്പക്കുളം നാമ്പുകുളങ്ങര ഭാഗത്തെ താമസക്കാരില്ലാത്ത വീട്ടിൽ നിന്ന് 18ഉം മങ്ങാരത്ത് നിന്ന് ബൈക്കിലെത്തിയ യുവാവിൽ നിന്ന് നാല് കിലോയോളവും കഞ്ചാവാണ് പിടികൂടിയത്.
വ്യാജവാറ്റും ചാരായക്കച്ചവടവും വ്യാപകമായിരുന്ന നാട്ടിൽ മയക്കുമരുന്ന് ലോബി പിടിമുറുക്കിയത് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ്. മണിച്ചെയിൻ മാതൃകയിലാണ് ‘ലഹരി’ക്കച്ചവട മാഫിയ പ്രവർത്തിക്കുന്നത്.
കൃഷ്ണപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരാണ് ഇലിപ്പക്കുളത്ത് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചവരെ സംബന്ധിച്ച അന്വേഷണം ഊർജിതമായിട്ടുണ്ട്.
മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ളവ പരിശോധിക്കുന്ന നടപടികളും തുടങ്ങി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സൂചനകൾ ലഭ്യമായില്ല. മേഖലയിലെ സ്ഥിരം സംഘങ്ങൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇതിൽ പലരും ഫോണുകൾ ഓഫ് ചെയ്ത് ഒളിവിലേക്ക് പോയത് സംശയം വർധിപ്പിക്കുന്നു.
അതേസമയം സന്ധ്യ കഴിഞ്ഞാൽ സ്കൂൾ മൈതാനങ്ങളും ഒഴിഞ്ഞ പ്രദേശങ്ങളും കഞ്ചാവ് കച്ചവടക്കാർ കൈയ്യടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.