വ്യാജ സർട്ടിഫിക്കറ്റ് വിവാദം; വീണ്ടും സമൂഹ മാധ്യമപ്പോര്
text_fieldsകായംകുളം: കായംകുളത്തിന്റെ വിപ്ലവവും ചെമ്പട കായംകുളവും അഴിച്ചുവിട്ട ആരോപണങ്ങളിൽ പ്രതിരോധം നഷ്ടപ്പെട്ട സി.പി.എം നേതൃത്വം ‘ഭാസ്മാസുരന് വരം’ കൊടുത്ത അവസ്ഥയിൽ പിടിച്ചുകെട്ടാനാകാതെ വട്ടം ചുറ്റുന്നു.
കൂടെക്കൂട്ടിയവർ രണ്ടായി തിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ പാർട്ടിയുടെ ഇരുമ്പുമറക്കുള്ളിലെ രഹസ്യങ്ങൾ ഒന്നായി പുറത്തുവരുമ്പോൾ നേതൃത്വമാണ് പ്രതിസന്ധിയിലാകുന്നത്. നേതാക്കളുടെ അഴിമതികളും വഴിവിട്ട ഇടപെടലുകളുമാണ് പ്രധാനമായി സമൂഹ മാധ്യമ പേജുകളിലൂടെ പുറത്തേക്ക് വരുന്നത്.
ഇതിനിടെ രണ്ട് പേജും കായംകുളത്തെ ഏരിയ കമ്മിറ്റി ഓഫിസിനുള്ളിൽ തന്നെയാണ് രൂപം കൊണ്ടതെന്ന ചർച്ച ഉയരുന്നതും നേതാക്കളെയാണ് പ്രതിസന്ധിയിലാക്കുന്നത്. പാർട്ടിയിലെ ചിലർക്ക് മാത്രമറിയാവുന്ന രഹസ്യങ്ങൾവരെ മറനീക്കിയതിലൂടെ പരസ്പരം സംശയമുനയും നീളുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവാണ് ഒരു പേജിന് പിന്നിലെന്ന് കാട്ടി പാർട്ടി സെക്രട്ടറിക്ക് പരാതി നൽകേണ്ടി വന്നതും വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ചെമ്പട പേജിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതും ചർച്ചയാകുകയാണ്.
നിഖിലിന് ബിരുദ പ്രവേശനത്തിന് എല്ലാതരത്തിലുമുള്ള സഹായവും ജില്ല സെക്രട്ടേറിയറ്റ് അംഗമായ കെ.എച്ച്. ബാബുജാൻ നൽകിയെന്നാണ് ഇതിലൂടെ ആരോപിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫിസിൽ അസി. സെക്രട്ടറിയാക്കിയതിലും പങ്കുണ്ടെന്നാണ് പറയുന്നത്.
നിഖിലിന്റെ ഫോൺ ലഭിച്ചാൽ ഇദ്ദേഹത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും സഹായിച്ചവരുടെയും പങ്ക് വ്യക്തമാകുമെന്നും സൂചിപ്പിക്കുന്നു. ഇതു മാത്രമല്ല ഇവരുടെ സകല അഴിമതികളുടെയും രേഖകൾ ഉണ്ടെന്നും വേണ്ടി വന്നാൽ പാർട്ടിയെ നശിപ്പിക്കുന്നവരെ തെരുവിൽ കൈകാര്യം ചെയ്യാൻ തയാറാകുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. പൊലീസിനെയും പാർട്ടിയെയും വിശ്വസിക്കുകയാണെന്നും മറിച്ചായാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും ചെമ്പട മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയ അബിൻ സി. രാജ് പിടിയിലായതോടെയാണ് ചെമ്പട വീണ്ടും രംഗത്തുവന്നതെന്നതാണ് ശ്രദ്ധേയം. നിഖിലിനെ കൂടാതെ നിരവധി പേർ ഇയാളിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്ന ആക്ഷേപം ഉയർന്നിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പേജുകളുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യവുമായി ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസാണ് ‘കായംകുളം വിപ്ലവം’ പേജിന് പിന്നിലെന്നും പരാതിയിൽ സൂചനയുണ്ട്.
ഓഫിസ് സെക്രട്ടറിയുടെ സഹായിയായിരുന്നതിലൂടെ നിഖിലിന് അറിയാവുന്ന പല വിവരങ്ങളും വിപ്ലവം പേജിലൂടെ പുറത്തുവന്നതാണ് ഇയാളെ സംശയിക്കാൻ കരണം. കരിപ്പുഴ തോട്ടിൽ എറിഞ്ഞുവെന്ന് പറയുന്ന നിഖിലിന്റെ ഫോൺ കണ്ടെടുത്താൽ ഇതിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് സി.പി.എം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.