ഉയരപ്പാത സമരം; കായംകുളത്ത് പൊലീസ് അഴിഞ്ഞാട്ടം
text_fieldsകായംകുളം: ദേശീയപാതയിൽ ഉയരപ്പാതക്കായി സമരം നടത്തിയവരുടെ വീടുകൾക്ക് നേരെ പൊലീസ് അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീടുകൾ ചവിട്ടിത്തുറന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിൽ, മുൻ ജില്ല സെക്രട്ടറി ഹാഷിം സേട്ട് എന്നിവരുടെ വീടുകളിലാണ് പൊലീസ് അതിക്രമം നടന്നത്.
ഹാഷിം സേട്ടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജനകീയ രോഷം ഉയർന്നതിനാൽ റിയാസിനെ കൊണ്ടുപോകാനായില്ല. ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് പൊലീസ് സംഘം ഇവരുടെ വീടുകൾ വളഞ്ഞത്. വീട്ടുകാർ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതി.
വാതിലിന്റെ ഒരു ഭാഗം ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് കുടുംബാംഗങ്ങളോട് തട്ടിക്കയറുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ റിയാസിന്റെ സഹോദരന്റെ ഫോൺ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും പരാതിയുണ്ട്.
റിയാസിനെ കിട്ടാതിരുന്ന രോഷം പ്രായമായ മാതാപിതാക്കളോട് തീർക്കുന്ന തരത്തിലായിരുന്നു പെരുമാറ്റം. ബഹളം കേട്ട് പരിസരവാസികൾ സംഘടിച്ചതോടെയാണ് വീട്ടുകാരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് പൊലീസ് പിൻവാങ്ങിയത്. പ്രായമായ മാതാപിതാക്കളെ അർധരാത്രിയിൽ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി ഭീഷണിപ്പെടുത്തിയതും പ്രതിഷേധത്തിന് ഇടയാക്കി.
ഹാഷിം സേട്ടിന്റെ വീട് തേടിയത്തിയ പൊലീസ് പരിസര വീട്ടുകാരെയും തട്ടി ഉണർത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് യൂത്ത് കോൺഗ്രസിന്റെ ഉയരപ്പാത സമരപ്പന്തലിൽ നടന്ന പൊലീസ് അതിക്രമത്തിന്റെ തുടർച്ചയായിട്ടാണ് സംഭവം അരങ്ങേറിയത്.
പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവിടെ നടന്ന ബലപ്രയോഗത്തിനിടെ പൊലീസുകാരായ നൂറ, അമീന, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂർ, റിയാസ് മുണ്ടകത്തിൽ, ഹാഷിം സേട്ട്, സുറുമി ഷാഹുൽ എന്നിവർക്കും കണ്ടാൽ അറിയാവുന്ന 22 പേർക്കുമെതിരെ കേസ് എടുത്തു. ഇതിൽ അറസ്റ്റിലായ ഹാഷിം സേട്ട്, എരുവ സ്വദേശി ബിനു ആമ്പക്കാട് എന്നിവരെ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നടപടി പ്രതിഷേധാർഹം –യു.ഡി.എഫ്
കായംകുളം: ദേശീയപാതയിൽ ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് നടപടി പ്രതിഷേധാർഹമാണ്.
നേതാക്കളായ റിയാസ് മുണ്ടകത്തിൽ, ഹാഷിം സേട്ട് എന്നിവരുടെ വീടുകളുടെ കതകുകൾ അർധരാത്രി ചവിട്ടിപ്പൊളിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ജനവിരുദ്ധ നീക്കങ്ങളിൽനിന്ന് എം.എൽ.എയും കൂട്ടരും പിന്മാറണമെന്നും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ എ.എം. കബീറും ആവശ്യപ്പെട്ടു.
പൊലീസ് നടപടി അംഗീകരിക്കാനാവില്ല -സമര സമിതി
കായംകുളം: സമരം ചെയ്യുന്നവരെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ജനകീയ സമര സമിതി പറഞ്ഞു.
ഇതിനായി സമരം നടത്തുന്ന സമര സമിതിയുടെയും ഐക്യദാർഢ്യപ്പെടുന്ന സംഘടനകളുടെയും പ്രവർത്തകരെ ക്രൂരമായി നേരിടുന്ന പൊലീസ് നടപടി അപലപനീയമാണ്.
ജനവിരുദ്ധ നടപടി പുനഃപരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ജനകീയ പ്രതിരോധം തീർക്കും -യൂത്ത് കോൺഗ്രസ്
കായംകുളം: പൊലീസ് നടപടിയിൽ ജനകീയ പ്രതിരോധം തീർക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളി പറഞ്ഞു.
നഗരത്തെ വിറപ്പിക്കുന്ന ക്വട്ടേഷൻ സംഘങ്ങളോട് പോലും മൃദുസമീപനം സ്വീകരിക്കുന്ന പൊലീസ് ജനകീയ വിഷയത്തിൽ ഇടപെട്ടവരോട് പെരുമാറിയ രീതിക്കെതിരെ അധികൃതർക്ക് പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.