കായംകുളം നഗരസഭയിലെ വെള്ളിയാഴ്ച കൗൺസിലുകൾ വിവാദമാകുന്നു
text_fieldsകായംകുളം: നഗരസഭയിൽ വെള്ളിയാഴ്ചകളിൽ തുടർച്ചയായി കൗൺസിൽ കൂടുന്നത് വിമർശനത്തിനിടയാക്കുന്നു. വെള്ളിയാഴ്ച നടന്ന കൗൺസിലിലാണ് കോൺഗ്രസ് അംഗം കെ. പുഷ്പദാസ് വിമർശനം ഉന്നയിച്ചത്. വെള്ളിയാഴ്ച കൗൺസിൽ കൂടുന്നത് വിശ്വാസികളെ ബാധിക്കുന്നതായ പരാതിയാണ് വിഷയം ഉന്നയിക്കാൻ കാരണമായത്.
വിശ്വാസികളായവർ പള്ളിയിലേക്ക് പോകുമ്പോഴും അജണ്ടകളിൽ ചർച്ചകൾ നടക്കുന്നതാണ് പരാതിക്ക് കാരണമായത്. നിർണായക വിഷയങ്ങളിൽ പോലും പല കൗൺസിലർമാർക്കും ചർച്ചകളിൽ പങ്കെടുക്കാനാകുന്നില്ല. വിശ്വാസികളായ കൗൺസിലർമാർ പള്ളിയിലേക്ക് പോകുന്ന ഘട്ടം ഉപയോഗപ്പെടുത്തി അജണ്ടകൾ പാസാക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു.
ഇതിനെ ക്രിയാത്മകമായി സമീപിക്കുന്നതിന് പകരം ഭരണപക്ഷം ആക്ഷേപകരമായി നേരിടുകയായിരുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച കൗൺസിൽ നടത്താതിരിക്കാൻ ഇത് സൗദിയല്ലെന്ന ഭരണപക്ഷ കൗൺസിലറുടെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.
പ്രതിപക്ഷത്തു നിന്നുള്ളവരാണ് കൂടുതലായും പള്ളിയിലേക്ക് പോകുന്നത്. ഇത് ഭരണക്കാർ സൗകര്യമാക്കുന്നതായാണ് കൗൺസിലർമാർ പറയുന്നത്. 25 ന് മുകളിൽ അജണ്ടകളുമായാണ് കൗൺസിൽ കൂടുന്നത്. ഇതു കാരണം വൈകുന്നേരത്തോടെ മാത്രമെ കൗൺസിലിന് പിരിയാനാകു. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ചകളിലെ കൗൺസിൽ ഒഴിവാക്കണമെന്ന് സ്വതന്ത്ര കൗൺസിലറായ അൻഷാദ് വാഹിദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.