കായംകുളത്ത് ദേശീയപാതയിൽ മരണകുഴികൾ പെരുകുന്നു; സ്പീക്കറുടെ വാഹനമടക്കം തകരാറിലായി
text_fieldsകായംകുളം: അപകട തോത് ഉയർത്തുന്ന ദേശീയപാതയിലെ മരണക്കുഴികൾ അടക്കാൻ നടപടിയായില്ല. കുഴികളിൽ വീണ് വാഹനങ്ങളുടെ ടയറുകൾ പൊട്ടുന്നതായ പരാതിയും വ്യാപകമാണ്. കഴിഞ്ഞ ദിവസം നിയമസഭ സ്പീക്കറുടെ വാഹനവും കുഴിയിൽ വീണ് തകരാറിലായിരുന്നു. ഹരിപ്പാട് മുതൽ ചെറുതും വലുതുമായ 200 ഒാളം കുഴികളാണ് അപകട ഭീഷണി ഉയർത്തുന്നത്.
ഇതിൽ വലിയ കുഴികളിൽ ചിലത് താൽക്കാലികമായി അടച്ചിരുന്നു. അന്ന് ചെറിയ കുഴികളായിരുന്നവ മഴ കഴിഞ്ഞതോടെ ഗർത്തങ്ങളായി രൂപപ്പെട്ടിരിക്കുകയാണ്. വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴികൾ കാണാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്.
അടുത്ത് എത്തുേമ്പാഴാണ് കുഴികൾ ശ്രദ്ധയിൽപ്പെടുന്നത്. ഇതുകാരണം ഇരുചക്രവാഹനങ്ങൾ വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടം വർധിപ്പിക്കുന്നു. സ്ത്രീകളും രാത്രികാല യാത്രികരുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വീണ് ടയർ പൊട്ടിയുള്ള അപകടങ്ങളും വർധിച്ചിട്ടുണ്ട്. കൃഷ്ണപുരം ഭാഗത്ത് റോഡിലെ കുഴിയിൽ ശനിയാഴ്ച ഒരു മണിക്കൂറിനുള്ളിൽ എട്ട് വാഹനങ്ങളുടെ ടയറുകളാണ് പൊട്ടിയത്.
ഞായറാഴ്ച രാത്രി ഇതേ ഭാഗത്താണ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്‍റെ വാഹനം അപകടത്തിൽപ്പെട്ടത്. അതേസമയം കുഴികൾ അടക്കാനായി ദേശീയപാത അതോറിറ്റി ഒരു കോടി രൂപ അനുവദിച്ചെങ്കിലും കരാറുകാരെ കിട്ടാതിരുന്നതാണ് പ്രശ്നമായതെന്നാണ് അധികൃത ഭാഷ്യം. 18.5കിലോമീറ്ററിലെ അറ്റുകുറ്റപ്പണികൾക്കായി കഴിഞ്ഞ മാസമാണ് തുക അനുവദിച്ചത്.
ആഗസ്റ്റ് അഞ്ചിന് തുറക്കത്തക്കവിധം പണികൾക്ക് ഇ- ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ എടുത്തില്ല. ഇതോടെ റീടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. 11 ന് കരാർ തുറന്ന് 19 ന് ഉറപ്പിച്ച് പണി തുടങ്ങാനാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം കുഴി അടക്കലിന് തുക പര്യാപ്തമാകില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിച്ചത്. സമയം വൈകിയതോടെ കുഴികളുടെ എണ്ണം ഇരട്ടിയായി ഉയർന്നതോടെയാണ് കരാറുകാരും ഉൾവലിയുന്നതെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.