തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാറ്റിനം ജൂബിലി നിറവിൽ
text_fieldsകായംകുളം: നാളികേര കൃഷിയുടെ പുരോഗതി ലക്ഷ്യമാക്കി രാജഭരണകാലത്ത് തുടക്കം കുറിച്ച കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) പ്ലാറ്റിനം ജൂബിലി നിറവിൽ. തെക്കൻ കേരളത്തിെൻറ കാർഷിക ഗവേഷണ മേഖലയിൽ പുരോഗതിയുടെ പാത വെട്ടിത്തെളിച്ച സ്ഥാപനം മുക്കാൽ നൂറ്റാണ്ടിെൻറ നിറവിലെത്തിയത് വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.
ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിെൻറ കീഴിൽ 1947 ഏപ്രിൽ 24നാണ് പ്രവർത്തനം തുടങ്ങിയത്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് തറക്കല്ലിട്ടത്. ഇതിന് മുമ്പ് തന്നെ നാളികേര ഗവേഷണ കേന്ദ്രത്തിെൻറ ഫീൽഡ് സ്റ്റേഷനായി സ്ഥാപനം പ്രവർത്തനം തുടങ്ങിയിരുന്നു. ഇന്ത്യൻ കോക്കനട്ട് കൗൺസിലിെൻറ കീഴിലായിരുന്നു തുടക്കം. ദേശീയപാതയോരത്ത് കൃഷ്ണപുരം മുക്കടയിൽ പ്രവർത്തിക്കുന്ന കേന്ദ്രം തെങ്ങിെൻറ കീടബാധയെ കുറിച്ച് പഠനം നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനമാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രജ്ഞർ പഠനത്തിനായി എത്തുന്നു. ഇതിനോട് ചേർന്ന് ജില്ല കൃഷി വിജ്ഞാനകേന്ദ്രവും പ്രവർത്തിക്കുന്നു.
ഓരോ വർഷവും 15,000ത്തോളം അത്യുൽപാദന ശേഷിയുള്ള തെങ്ങിൻതൈകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 10 ശാസ്ത്രജ്ഞർ ഉൾപ്പെടെ 48ഓളം ജീവനക്കാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കർഷകർക്കായി പരിശീലന പരിപാടികൾ, മൊബൈൽ ആപ്പുകൾ, കൃഷിയിട പങ്കാളിത്ത ഗവേഷണങ്ങൾ എന്നിവയെല്ലാം സജീവമാണ്. പ്രതിരോധശേഷിയുള്ള കൽപരക്ഷ, കൽപശ്രീ, കൽപസങ്കര തുടങ്ങിയ ഇനങ്ങൾ ഇവിടെയാണ് വികസിപ്പിച്ചത്. വളക്കൂട്ടുകളടക്കം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. ഗവേഷണ ദൗത്യം പൂർത്തിയായെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാപനം അടച്ചുപൂട്ടുന്നതിന് നേരത്തേ ശ്രമം നടന്നത് വിവാദമായിരുന്നു. ശക്തമായ എതിർപ്പിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. 'കൽപവജ്ര' പേരിലാണ് ഒരു വർഷത്തെ ആഘോഷം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.