വായ്പ കുടിശ്ശിക എഴുതിത്തള്ളി; ആശ്വാസവുമായി ഗുണഭോക്താക്കൾ
text_fieldsകായംകുളം: നഗരസഭയിലെ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ എൻ.എസ്.ഡി.പി വഴിയുള്ള ഭവന വായ്പ സർക്കാർ എഴുതിത്തള്ളിയതോടെ ഗുണഭോക്താക്കൾ ആശ്വാസത്തിൽ. 1999-2000 കാലഘട്ടത്തിൽ നടപ്പാക്കിയ ഭവന നിർമാണത്തിനായി വായ്പ എടുത്തവർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 640 ഗുണഭോക്താക്കൾക്ക് 23,700 രൂപ വീതമാണ് വായ്പ നൽകിയത്. 8,700 രൂപ നഗര വിഹിതവും കെ.യു.ആർ.ഡി.എഫ്.സി ലോൺ 15,000 രൂപയും ചേർത്താണ് 23,700 രൂപ അനുവദിച്ചത്. നഗരസഭ സി.ഡി.എസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 96 ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഗുണഭോക്താക്കൾ 143 രൂപ വീതം 180 തവണയിൽ അടച്ചു തീർക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, തിരിച്ചടവിൽ മുടക്കം വന്നതോടെ പലിശയും പിഴപ്പലിശയും ചേർന്ന് ഒരു ലക്ഷത്തോളം രൂപ ഓരോത്തർക്കും ബാധ്യതയായി മാറുകയായിരുന്നു.
1,27,64,346 രൂപ തിരിച്ചടക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് നടന്ന ചർച്ചയുടെ ഭാഗമായി 31,11,152 രൂപ നഗരസഭ തിരിച്ചടച്ചു. തുടർന്ന് പലിശയും പിഴ പലിശയും ഒഴിവാക്കി തരണമെന്ന് കാണിച്ച് നഗരസഭ സർക്കാറിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ തിരിച്ചടച്ച തുക, മുതലിൽ തീർപ്പാക്കി ബാക്കി വരുന്ന പലിശയും പിഴപലിശയും ഒഴിവാക്കാൻ നടപടിയായത്.
ഗുണഭോക്താക്കൾക്ക് ആധാരം തിരികെ നൽകാൻ സർക്കാറിൽ നിന്ന് അനുമതി ലഭിച്ചതായി ചെയർപേഴ്സൻ പി. ശശികല അറിയിച്ചു. 130 ഓളം ഗുണഭോക്താക്കൾക്ക് ഒരു കോടിയിലേറെ രൂപയുടെ സഹായമാണ് നഗരസഭയുടെ പരിശ്രമഫലമായി ലഭ്യമാക്കാൻ കഴിഞ്ഞതെന്ന് പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരംസമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ തുടങ്ങിയവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.