നിർദേശം തള്ളി; കായംകുളത്ത് സി.പി.എമ്മിൽ വീണ്ടും വിഭാഗീയതക്ക് കളമൊരുങ്ങുന്നു
text_fieldsകായംകുളം: സംസ്ഥാന-ജില്ല നേതൃത്വത്തിെൻറ നിർദേശം ഏരിയ-ലോക്കൽ കമ്മിറ്റി ഘടകങ്ങൾ തള്ളിയതോടെ സി.പി.എമ്മിൽ വീണ്ടും വിഭാഗീയതക്ക് കളമൊരുങ്ങുന്നു. ഏരിയ കമ്മിറ്റി അംഗമായിരുന്ന ജയചന്ദ്രൻ ഉൾെപ്പടെയുള്ളവരെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം പേർ ഒപ്പിട്ട് നൽകിയ നിവേദനമാണ് പുതിയ തലവേദനയാകുന്നത്.
ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എ. അലിയാർെക്കതിരെ ഇറങ്ങിയ നോട്ടീസിെൻറ പേരിലാണ് മൂന്ന് വർഷം മുമ്പ് ജയചന്ദ്രനെതിരെ നടപടിയുണ്ടായത്. ഒരു വർഷത്തെ നടപടിക്ക് ശേഷം ബ്രാഞ്ചിൽ അംഗത്വം പുനഃസ്ഥാപിച്ചെങ്കിലും മെംബർഷിപ് സ്ക്രൂട്ടണിയിൽ ഒഴിവാക്കി.
ഇതേതുടർന്ന് അംഗത്വം പുനഃസ്ഥാപിക്കാൻ നടത്തിയ ഇടപെടലുകൾ ഏരിയ നേതൃത്വം തടഞ്ഞു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് നടപടിക്ക് വിധേയമാവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പാർട്ടി അനുഭാവികളുടെ കൂട്ടനിവേദനം സംസ്ഥാന നേതൃത്വത്തിന് നൽകിയത്.
വിഷയം പരിഗണിച്ച സംസ്ഥാന സെക്രേട്ടറിയറ്റ് നടപടിക്ക് വിധേയരായവരെ കൂടി ഉൾപ്പെടുത്തിയും സഹകരിപ്പിച്ചും പോകണമെന്ന തീരുമാനത്തിലെത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ ഇതുസംബന്ധിച്ച് ജില്ല സെക്രേട്ടറിയറ്റിലും കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്തു.
ഇതിെൻറ ഭാഗമായി ജില്ല സെക്രട്ടറി ആർ. നാസറിെൻറ സാന്നിധ്യത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിലും കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയിലുമാണ് നടപടിക്ക് വിധേയമായവരെ സഹകരിപ്പിക്കാൻ കഴിയില്ലെന്ന അഭിപ്രായം ഉയർന്നത്. രണ്ടിടത്തും കടുത്ത വിമർശനമാണ് തീരുമാനത്തിനെതിരെ ഉയർന്നത്. ജയചന്ദ്രൻ അടക്കമുള്ളവരെ സഹകരിപ്പിച്ചാൽ പാർട്ടി വിടുമെന്ന മുന്നറിയിപ്പ് ചിലർ ലോക്കൽ കമ്മിറ്റിയിൽ ഉയർത്തിയതായി അറിയുന്നു.
അതേസമയം, നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപവത്കരണമാണ് നേതൃത്വം നിർദേശിച്ചതെന്നാണ് ഒൗദ്യോഗിക നേതൃത്വം പറയുന്നത്. ഇതാണ് ഏരിയ-ലോക്കൽ കമ്മിറ്റികളിലെ ചർച്ചകൾക്ക് കാരണമായതെന്നാണ് ഇവരുടെ ഭാഷ്യം.
ഇതിനിടെ നിവേദനത്തിൽ ഒപ്പിട്ടവരെ ലോക്കൽ കമ്മിറ്റി നേതാക്കൾ ഭീഷണിപ്പെടുത്തിയതായി കാട്ടിയുള്ള പരാതിയും ജില്ല കമ്മിറ്റിയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.