'കുളം' നാമപ്പെരുമയിൽ ഇലിപ്പക്കുളവും തവളയില്ലാക്കുളവും നാമ്പുകുളവും
text_fieldsകായംകുളം: ഐതിഹ്യവും ചരിത്രവും നാട്ടുമൊഴികളും ചേർന്ന ഭരണിക്കാവ് ഗ്രാമത്തിലെ സ്ഥലനാമ ചരിത്രം ശ്രദ്ധേയമാണ്. ഇലിപ്പമരങ്ങളും കുളങ്ങളും വ്യാപകമായതിനാൽ ഇലിപ്പക്കുളവും തവളകളെ ശപിച്ച മുനിമാരുടെ ഐതിഹ്യത്തിൽ തവളയില്ലാക്കുളവും വയൽനാമ്പിലുള്ള കുളത്തിന്റെ കര എന്ന നിലയിൽ നാമ്പുകുളങ്ങരയും പിറവിയെടുത്തുവെന്നുവെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്.
ഇലിപ്പ (ഇരിപ്പ) മരങ്ങളുള്ള കുളക്കരയോട് കൂടിയ സ്ഥലം എന്ന നിലയിലാണ് ഇലിപ്പക്കുളങ്ങര എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്. നാടൻപാട്ടുകളിൽ ഇലിപ്പ മരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. നാടിനോട് ചേർത്ത് പറയുന്ന വൃക്ഷം പേരിനുപോലും ഇപ്പോൾ ഇവിടെ ഇല്ലെന്നതാണ് യാഥാർഥ്യം.
ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറയിലാണ് തവളയില്ലാക്കുളം സ്ഥിതി ചെയ്യുന്നത്. ഇതുവഴി സഞ്ചരിച്ച സന്യാസിമാർ കുടിക്കാൻ കോരിയെടുത്ത വെള്ളത്തിൽ നിറയെ തവളക്കുഞ്ഞുങ്ങളായിരുന്നു. ഇതിൽ ക്ഷുഭിതരായി കുളത്തിൽ തവളകൾ ഇല്ലാതാകെട്ടയെന്ന് സന്യാസിമാർ ശപിച്ചതായാണ് ഐതിഹ്യം. തവളകൾ വാഴാത്ത കുളമാണെന്ന വാമൊഴി വർത്തമാനത്തിനപ്പുറം തവളകൾ ഉണ്ടെന്ന സാക്ഷ്യപ്പെടുത്തലുമുണ്ട്. നാമ്പോ, മാമ്പൂവോ എന്ന രണ്ട് പക്ഷമുള്ളതിനാൽ നാമ്പുകുളങ്ങരയെന്നും മാമ്പുകുളങ്ങരയെന്നും വിളിപ്പേരുള്ള സ്ഥലനാമവും ചർച്ചയിൽ സജീവമാണ്.
ഏതായാലും ജങ്ഷനിൽ കുളം ഉറപ്പായുമുണ്ട്. ഇതിലേക്ക് മാമ്പൂ വീഴുന്നതിനാൽ മാമ്പുകുളമായതെന്നാണ് 'മാമ്പു' പക്ഷത്തിന്റെ വാദം. എന്നാൽ, വയൽനാമ്പിലുള്ള കുളത്തിന്റെ കര എന്ന നിലയിൽ നാമ്പുകുളങ്ങരയാണ് ശരിയെന്ന വാദക്കാരും പ്രബലമാണ്. കാർഷികപദാവലിയോടാണ് ചരിത്രപരമായി സ്ഥലനാമം ചേർന്ന് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.