സ്വാതന്ത്ര്യസമരവഴിയിലെ 'ബേക്കർ യുഗം'
text_fieldsകായംകുളം: ഒാർമകൾ മായുന്ന ജീവിതസായാഹ്നത്തിലും കെ.എ. ബേക്കറിെൻറ മനസ്സിൽ സ്വാതന്ത്ര്യസമരകാലത്തെ തീക്ഷ്ണ സമരനാളുകൾ. നൂറ്റാണ്ടിെൻറ അനുഭവക്കരുത്തോടെയാണ് ചേരാവള്ളിയിലെ സൗഹൃദത്തിൽ ബേക്കർ (99) വിശ്രമജീവിതം നയിക്കുന്നത്. കായംകുളം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയായിരിക്കെയാണ് സ്വാതന്ത്ര്യ പോരാട്ടത്തിൽ ആകൃഷ്ടനാകുന്നത്. 1938ൽ സിക്സ്ത് ഫോറം വിദ്യാർഥിയായിരിക്കെ 16ാം വയസ്സിലാണ് സമരക്കാർക്ക് ഒപ്പം ചേർന്നത്. തുടക്കനാളിൽ തന്നെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതോടെ നേതാക്കളുടെ ശ്രദ്ധയിലായി. അന്നത്തെ അടിയുടെ അടയാളം ഇന്നും ശരീരത്തിൽ തെളിഞ്ഞുകാണാം. ഇവരോടൊപ്പമുള്ള ചങ്ങാത്തം സമരവഴിയിൽ ഉറച്ചുനിൽക്കാൻ കാരണമായി. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിലും സജീവമായിരുന്നു. 1945ലും 47ലും അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടുതവണയായി 12 മാസത്തോളം ജയിൽവാസവും അനുഭവിച്ചു. തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള, ലൂയിസ് ഗ്രിഗറി, വി.കെ. കരുണാകരൻ എന്നിവർക്കൊപ്പമായിരുന്നു ജയിൽവാസം. ജയിലിൽ കടുത്ത പീഡനങ്ങൾക്ക് വിധേയനായി. ബ്രിട്ടീഷ് സർക്കാർ ബേക്കറിെൻറ തലക്ക് 2000 രൂപ വിലയുമിട്ടിരുന്നു. ആലപ്പുഴ സബ്ജയിലിൽ പാർപ്പിച്ചിരുന്ന ബേക്കറിനെ സ്വാതന്ത്ര്യം ലഭിച്ച ശേഷം ആഗസ്റ്റ് 16നാണ് വിട്ടയക്കുന്നത്.
കായംകുളം പെരിങ്ങാല പടിപ്പുരക്കൽ കാസിയാർകുഞ്ഞിെൻറയും മൈമൂനയുടെയും മകനായ ബേക്കറിെൻറ സമരമനസ്സ് വീട്ടുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. ഇതൊന്നും വകവെക്കാതെ സമരവഴിയിൽ ഉറച്ചുനിന്നു. ജയിൽവാസവും പൊലീസ് മർദനവും ശീലമായി. പൊലീസ് സാന്നിധ്യം പതിവായതോടെ അസ്വസ്ഥതകൾ ഉടലെടുത്ത വീട്ടിൽനിന്ന് ലോഡ്ജ് മുറിയിലേക്ക് താമസം മാറ്റിയാണ് സമരരംഗത്ത് ഉറച്ചുനിന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റിയവർ പിന്നീട് നേതാക്കളായി മാറിയതോടെ കോൺഗ്രസ് രാഷ്ട്രീയത്തോട് വിടപറഞ്ഞ ബേക്കർ കമ്യൂണിസ്റ്റായി പരിണമിക്കുകയായിരുന്നു. പി. കേശവദേവിനോടുള്ള അടുപ്പമാണ് ഇതിനു വഴിയൊരുക്കിയത്. 1949ൽ കായംകുളത്ത് രൂപംകൊണ്ട ആദ്യപാർട്ടി സെല്ലിലെ നാലംഗങ്ങളിൽ ഒരാളായിരുന്നു. പുതുപ്പള്ളി രാഘവൻ, തോപ്പിൽഭാസി, ശങ്കരനാരായണൻ തമ്പി, കാമ്പിശ്ശേരി കരുണാകരൻ, കേശവൻ പോറ്റി എന്നിവരായിരുന്നു വിപ്ലവവഴിയിലെ സഹപ്രവർത്തകർ. ബേക്കറിെൻറ സമരങ്ങളിലെ സാന്നിധ്യം സംബന്ധിച്ച് പുതുപ്പള്ളി രാഘവെൻറ 'വിപ്ലവസ്മരണ'കളിലും തോപ്പിൽഭാസിയുടെ 'ഒളിവിലെ ഓർമകളി'ലും പരാമർശിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരനായതോെട വീട്ടുകാരുമായി പൂർണമായി അകന്ന ബേക്കർ എട്ടു വർഷത്തോളമാണ് വീടുവിട്ട് താമസിച്ചത്. രാഷ്ട്രീയ അപചയത്തിൽ മനംനൊന്ത് പിന്നീട് സജീവരാഷ്ട്രീയം വിെട്ടങ്കിലും ഇടതു മനസ്സിെൻറ ഉടമയായി തുടരുകയാണ്.
ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് പ്രസിഡൻറായിരിക്കെ 10 വർഷത്തോളം കായംകുളം മുസ്ലിം ജമാഅത്തിെൻറ സെക്രട്ടറിയായിരുന്നു. മോട്ടോർ തൊഴിലാളി യൂനിയൻ, ഹോട്ടൽ തൊഴിലാളി യൂനിയൻ, റസ്റ്റാറൻറ് അസോസിയേഷൻ, എഗ് ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലൂം അടുത്ത നാൾവരെ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.