ഇലകളിൽ വിസ്മയമൊരുക്കി ജുമാന
text_fieldsകായംകുളം: കാഴ്ചക്കാരിൽ കൗതുകം നിറച്ച് ഇലകളിൽ തീർത്ത വിസ്മയരൂപങ്ങളുമായി ജുമാന ലോക റെക്കോഡിലേക്ക്. 30 മിനിറ്റിൽ 29 ബ്രാൻഡ് കാറുകളുടെ ലോഗോ ഇലകളിൽ കൊത്തി ഇന്ത്യൻ ബ്യൂറോ ഒാഫ് റെക്കോഡ്സിലും ഏഷ്യൻ ബുക്ക് ഒാഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. ഇതിലൂടെ ഗ്രാൻഡ്മാസ്റ്റർ പദവിയും കരസ്ഥമാക്കി.
ലോക്ഡൗൺ വിരസത മറികടക്കാനുള്ള ശ്രമങ്ങളാണ് കായംകുളം കണ്ണമ്പള്ളിഭാഗം കൊേട്ടാളിൽ ഷാജി ഒാച്ചറിയുടെയും റസിയയുടെയും മകളായ ജുമാനയിലെ കലാകാരിയെ വികസിപ്പിച്ചത്. കലാരംഗത്ത് വ്യത്യസ്ത ഇടപെടൽ നടത്തണമെന്ന ആഗ്രഹമാണ് പ്രയാസമേറിയ ലീഫ് ആർട്ട് തെരഞ്ഞെടുക്കാൻ കാരണമായത്. ഇലയിലെ കരവിരുത് മികച്ചതായപ്പോൾ ആത്മവിശ്വാസം വർധിച്ചു. സിനിമ നടന്മാരുടെ രൂപം തയാറാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹങ്ങളുടെ ഒഴുക്കായി. നിവിൻ പോളി, ജോജു, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരാണ് ആശംസകളുമായി എത്തിയത്. കാലിഗ്രാഫിയിലും താൽപര്യമുള്ള ജുമാനയുടെ കരവിരുതിൽ തയാറായ മസ്ജിദിൽ ഹറം അടക്കമുള്ളവയും ശ്രദ്ധ നേടിയിരുന്നു. സ്റ്റൻസിൽ ഡ്രോയിങ്ങിലും കപ്പ് ആർട്ട് സേവിലുമുള്ള താൽപര്യമാണ് ലീഫ് ആർട്ടിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്.
കന്യാകുമാരിയിൽ ബി.എസ്സി ഡയാലിസിസ് വിദ്യാർഥിയാണ്. പഠനം ഒാൺലൈനിലേക്ക് മാറിയതാണ് കലാരംഗത്ത് തിളങ്ങാൻ കാരണമായത്. വേറിട്ട ഇടപെടലുകളിലൂടെ റെക്കോഡുകൾ കരസ്ഥമാക്കുകയെന്നതാണ് ലക്ഷ്യം. ഗിന്നസ് അടക്കമുള്ളവ നേടുന്ന തരത്തിൽ മികവ് കാട്ടുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.