കോവിഡ് നിശ്ശബ്ദത തീർത്ത തമ്പിൽ വീണ്ടും കളിചിരികൾ
text_fieldsകോവിഡ് നിശ്ശബ്ദത തീർത്ത തമ്പിൽ വീണ്ടും കളിചിരികൾ രണ്ടുവർഷമായി കായംകുളത്ത് തുടരുകയായിരുന്നു സർക്കസ് സംഘം കായംകുളം: കോവിഡ് പ്രതിസന്ധികളാൽ ജീവിതം പ്രയാസത്തിലായ സർക്കസ് കലാകാരന്മാരുടെ തമ്പുകളിൽ വീണ്ടും കളിചിരികൾ തുടങ്ങുന്നു.
രണ്ടുവർഷം നഗരത്തിൽ ഒറ്റപ്പെട്ടുപോയ ജംബോ സർക്കസിലെ കലാകാരന്മാരാണ് അഭ്യാസപ്രകടനങ്ങളുമായി വീണ്ടും കാണികളെ വിസ്മയിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടത്തെ പ്രദർശനം ഏറെ പ്രതീക്ഷകളാണ് ഇവർക്ക് നൽകിയത്. രണ്ടുവർഷത്തെ വരുമാന നഷ്ടം പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തോടെയാണ് കാണികളെ രസിപ്പിക്കുന്നത്.
ഓണാട്ടുകരയുടെ ഉത്സവകാല വരുമാനം ലക്ഷ്യമാക്കിയാണ് രണ്ട് വർഷം മുമ്പ് ഇവർ എത്തിയത്. മതിപ്പുളവാക്കുന്ന പ്രകടനങ്ങളിലൂടെ പ്രതീക്ഷ സൃഷ്ടിച്ചപ്പോഴാണ് കോവിഡിെൻറ കരിനിഴൽ ബാധിച്ച് സർക്കസ് കൂടാരം അടച്ചത്. പിന്നീട് ഇവർ നേരിട്ട പ്രതിസന്ധികൾ പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. നഗരത്തിൽ ഒറ്റപ്പെട്ടുപോയ സർക്കസുകാർ കാലവർഷത്തിെൻറ ദുരിതങ്ങളെയും ചേർത്തുപിടിച്ചാണ് ഇക്കാലമത്രയും തമ്പുകളിൽ കഴിഞ്ഞത്.
സാമൂഹിക സന്നദ്ധസംഘടനകളുടെ സഹായവും സർക്കാറിെൻറ ഭക്ഷണക്കിറ്റുകളുമായിരുന്നു ആശ്രയം. ഗതാഗതം പുനരാരംഭിച്ചതോടെ ആഫ്രിക്കൻ കലാകാരന്മാർ അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങി. വരുമാനവും പണിയുമില്ലാതെ നാടുകളിലേക്ക് പോകാൻ കഴിയാത്തവർ ഗത്യന്തരമില്ലാതെ ഇവിടെ തുടരുകയായിരുന്നു. തങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വീടുകളുടെ അവസ്ഥ ദയനീയമായത് പലരെയും കൂലിപ്പണിക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു. നഗരത്തിലെ പല സ്ഥാപനങ്ങളിലും പണിക്കാരായി ഇവർ മാറി. തമ്പുകൾ സജീവമാകുന്നതുവരെ പിടിച്ചുനിൽക്കലായിരുന്നു ലക്ഷ്യം.
ഊഞ്ഞാൽ അഭ്യാസികളായ തലശ്ശേരി സ്വദേശികളായ വിക്രമും ജനാർദനനും മരണക്കിണർ അഭ്യാസിയായ ബിഹാർ സ്വദേശി കിൻറുവും ഹാർഡ്വെയർ സ്ഥാപനത്തിലാണ് പണിക്ക് കയറിയത്. പ്രദർശനം വീണ്ടും സജീവമാകുമെന്നായതോടെ ഇവരെല്ലാം വീണ്ടും പരിശീലനത്തിന് കൂടാരത്തിലേക്ക് മടങ്ങി. നാടുകളിലേക്ക് മടങ്ങിയ കലാകാരന്മാരും തിരികെ വന്നുതുടങ്ങി. നേപ്പാൾ, അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മടങ്ങിയെത്തിയത്. സർക്കസിൽ ആകർഷക കാഴ്ച ഒരുക്കിയിരുന്ന ആഫ്രിക്കക്കാർക്ക് വിമാന വിലക്കുള്ളതിനാൽ ഉടൻ മടങ്ങി എത്താനാവില്ല. പരിമിതികൾക്കിടയിലും മനോഹര ദൃശ്യവിരുന്നാണ് വെള്ളിയാഴ്ച വൈകീട്ടത്തെ പ്രദർശനത്തിൽ കലാകാരന്മാർ കാഴ്ചവെച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.