കണ്ടല്ലൂർ സർവിസ് സഹകരണ ബാങ്ക് സ്വർണപ്പണയ തട്ടിപ്പ്; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ സി.പി.എം തീരുമാനം
text_fieldsകായംകുളം: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ടല്ലൂർ സർവിസ് സഹകരണ ബാങ്കിലെ സ്വർണപ്പണയ തട്ടിപ്പ് വിഷയത്തിൽ ജീവനക്കാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി മരവിപ്പിക്കാൻ പാർട്ടി ഏരിയ കമ്മിറ്റിയിൽ തീരുമാനം.
സി.പി.എം ഘടകങ്ങളുമായി ആലോചിക്കാതെ ഏരിയ സെന്റർ അംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. സുനിൽകുമാറിന്റെ നടപടിക്കെതിരെ കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
ചീഫ് അക്കൗണ്ടന്റ് ഉല്ലാസ് ഭാനു, അക്കൗണ്ടന്റുമാരായ അമ്പിളി, റേച്ചൽ പോൾ, സീനിയർ ക്ലർക്കുമാരായ എൻ.എസ്. ജയലക്ഷ്മി, കെ. രാഹുൽ എന്നിവരെ പിരിച്ചുവിട്ട നടപടിയാണ് പിൻവലിക്കാൻ നിർദേശിച്ചത്. പാർട്ടി കമീഷനെ മറികടന്ന് അഭിഭാഷക കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്.
ഇത് പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാക്കി. ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം കൂട്ടരാജി നൽകി. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പാർട്ടി അംഗങ്ങളുമാണ് രാജി നൽകിയത്. ഇതോടെ വിഷയം പഠിക്കാൻ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം പി. ഗാനകുമാർ, മുതിർന്ന നേതാവ് പ്രഫ. എം.ആർ. രാജശേഖരൻ എന്നിവരടങ്ങിയ പുതിയ ഉപസമിതിയെ നിയോഗിച്ചിരുന്നു. സംഭവത്തിന്റെ തുടക്കത്തിൽ നിയോഗിച്ച ജില്ല സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രൻ കമ്മിറ്റിയുടെ റിപ്പോർട്ടും കമ്മിറ്റി മുമ്പാകെ നൽകിയിട്ടില്ല.
പിരിച്ചുവിടൽ തീരുമാനം ഏരിയ സെക്രട്ടറി, ജില്ല സെക്രട്ടേറിയറ്റ് അംഗം, ഫ്രാക്ഷൻ കമ്മിറ്റി കൺവീനർ തുടങ്ങിയ മുതിർന്ന നേതാക്കളെ അറിയിക്കാതിരുന്നതും വിമർശനത്തിന് കാരണമായി. ഇതിൽ പ്രതിഷേധിച്ച് ഫ്രാക്ഷൻ കമ്മിറ്റി കൺവീനർ ചുമതല ഒഴിഞ്ഞു.
ഏരിയ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്ന് കണ്ടല്ലൂരിലെ രണ്ട് ലോക്കൽ കമ്മിറ്റികളും വിട്ടുനിന്ന് പ്രതിഷേധം അറിയിച്ചു. തുടർന്ന് പുതിയവിള ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോഡിയും ബഹിഷ്കരിച്ചതോടെ പാർട്ടിയുടെ അടിത്തറ തകരുമെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ടായി. ഇതോടെയാണ് പിരിച്ചുവിടൽ നടപടി ഒഴിവാക്കാൻ ഏരിയ കമ്മിറ്റി തീരുമാനിച്ചത്.
ബാങ്കിന് അരക്കോടിയോളം രൂപ നഷ്ടം വന്ന സ്വർണപ്പണയ തട്ടിപ്പ് കേസിൽ ജീവനക്കാരെ മാത്രം ബലിയാടാക്കി നേതാക്കൾ രക്ഷപ്പെടുന്നതരത്തിൽ ഇടപെടലുണ്ടായതായാണ് തുടക്കം മുതലുള്ള ആക്ഷേപം. കാലാവധി കഴിഞ്ഞ സ്വർണപ്പണയ ഉരുപ്പടികൾ ലേലത്തിൽ വിറ്റതിലൂടെ അരക്കോടിയോളം രൂപയുടെ നഷ്ടം ബാങ്കിന് സംഭവിച്ചിരുന്നു. പണയ ഉരുപ്പടികൾ മറിച്ചുവിറ്റതിന് പിന്നിൽ വൻ അഴിമതി നടന്നതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
നഷ്ടം മുൻ സെക്രട്ടറിയും ഭരണസമിതിയും വഹിക്കണമെന്നായിരുന്നു ഓഡിറ്റ് നിർദേശം. അതേസമയം, നഷ്ടം ഭരണസമിതി വഹിക്കേണ്ടതില്ലെന്നും ജീവനക്കാർ വഹിക്കണമെന്നുമായിരുന്നു ഏരിയ കമ്മിറ്റി തീരുമാനം.
എന്നാൽ, നേതാക്കൾ നടത്തിയ അഴിമതിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ഒരുവിഭാഗം ജീവനക്കാർ സ്വീകരിച്ചത്. സംഭവം വിവാദമായതോടെ സെക്രട്ടറിയും ചീഫ് അക്കൗണ്ടന്റും അടക്കം ഒമ്പത് ജീവനക്കാരെ സസ്പെൻഡ് ചെയ്ത ഭരണസമിതി തീരുമാനം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതോടെ വാശി വർധിച്ച ഭരണസമിതി അഭിഭാഷക കമീഷനെ നിയോഗിച്ചാണ് അഞ്ച് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. പണം തിരികെ അടക്കാൻ തയാറായ മൂന്ന് ജീവനക്കാരെ നടപടിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഏരിയ കമ്മിറ്റിയുടെ തീരുമാനത്തോടെ നടപടിക്കെതിരെ ജീവനക്കാർ നൽകിയ അപ്പീൽ അംഗീകരിച്ച് തിരിച്ചെടുക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.