മാലിന്യവാഹിനിയായി കരിപ്പുഴത്തോട്
text_fieldsകായംകുളം: ഓണാട്ടുകരയുടെ പച്ചപ്പ് നിലനിർത്താൻ നിർണായക പങ്കുവഹിക്കുന്ന കരിപ്പുഴത്തോട് മാലിന്യ വാഹിനിയായത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. അച്ചൻകോവിലാറ്റിൽനിന്ന് 11 കിലോമീറ്റർ നീളത്തിൽ കായംകുളം കായലിലേക്കാണ് തോട് ഒഴുകിയെത്തുന്നത്.
ഓണാട്ടുകരയുടെ കൃഷിക്ക് ജലം നൽകുന്നതിൽ മുഖ്യപങ്കാണ് കരിപ്പുഴത്തോട് നിർവഹിക്കുന്നത്. 10 വർഷം മുമ്പ് സി.കെ. സദാശിവൻ എം.എൽ.എയായിരിക്കെ ആഴം കൂട്ടൽ പദ്ധതിക്ക് കോടികൾ ചെലവഴിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കരയിലേക്ക് വാരിവെച്ച മണ്ണ് അടുത്ത മഴയിൽ ഇരട്ടിയായി കായലിലേക്കുതന്നെ പതിച്ചു. ചെന്നിത്തലയിൽനിന്ന് തുടങ്ങി പള്ളിപ്പാട്, ചെട്ടികുളങ്ങര, പത്തിയൂർ, ചേപ്പാട്, കായംകുളം നഗരസഭ വഴി ദേവികുളങ്ങരയിലേക്കാണ് തോട് കടന്നുപോകുന്നത്. വേനൽ കടുത്തതോടെ ഒഴുക്ക് നിലച്ച തോട്ടിൽ മാലിന്യവും എക്കലും കൂടിക്കലർന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അസഹ്യമായ ദുർഗന്ധവും ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. മത്സ്യ-മാംസ മാലിന്യം, പച്ചക്കറി-പഴവർഗ അവശിഷ്ടങ്ങൾ എന്നിവ വൻതോതിൽ തോട്ടിലേക്ക് തള്ളപ്പെടുന്നു.കക്കൂസ് മാലിന്യം അടക്കമുള്ളവയും ഇവിടേക്ക് ഒഴുക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ വൻശേഖരവും തോട്ടിലുണ്ട്. മാലിന്യം നിറയുന്നത് കൊതുക്, ഈച്ച തുടങ്ങിയവ പെരുകി പകർച്ചവ്യാധികൾ പടരാനും കാരണമാകുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തുന്ന കൈവഴി തോടുകളും സമാനമായ അവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. മണ്ണ് നീക്കംചെയ്താൽ മാത്രമേ കരിപ്പുഴത്തോട്ടിലെ സ്വഭാവിക നീരോഴുക്ക് തിരികെയെത്തിക്കാൻ കഴിയൂ. 4000 ഏക്കറോളം വരുന്ന പുഞ്ച കൃഷി സംരക്ഷിക്കാനും വെള്ളപ്പൊക്ക ഭീഷണി തടയാനും ആഴംകൂട്ടൽ അനിവാര്യമാണ്.
തോട് സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്. സോഷ്യൽ ഫോറം, ഓണാട്ടുകര പൈതൃക സംരക്ഷണ സമിതി, കർഷക കൂട്ടായ്മകൾ എന്നിവ ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വിഷയം ഉന്നയിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.