'തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല'
text_fieldsകായംകുളം: നഗരസഭ ചരിത്രത്തിൽ 'സ്വതന്ത്രെൻറ' വില അടയാളപ്പെടുത്തിയ കരുവിൽ നിസാർ വീണ്ടും സ്വതന്ത്ര കുപ്പായത്തിൽ ജനവിധി തേടുന്നു. രണ്ടുതവണ വീതം സ്വതന്ത്രനായും സോഷ്യലിസ്റ്റായും വിജയിച്ചശേഷം വീണ്ടും സ്വതന്ത്രനാകേണ്ടിവന്നതിന് പിന്നിൽ നിലപാടിെൻറ രാഷ്ട്രീയംകൂടി ഉൾപ്പെടുന്നു. ലോക്താന്ത്രിക് ജനതാദളിനൊപ്പം ഇടതുപക്ഷത്ത് എത്തിയെങ്കിലും നഗര വികസനത്തിൽ നിലപാട് മാറ്റാൻ തയാറാകാതിരുന്നതാണ് തിരിച്ചടിയായത്. സെൻട്രൽ സ്വകാര്യ സ്റ്റാൻഡ്, സസ്യമാർക്കറ്റ് കടമുറി കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് പഴയനിലപാട് പരസ്യമായി പ്രഖ്യാപിച്ചത് ഇടതുമുന്നണിയുടെ അനിഷ്ടത്തിനിടയാക്കിരുന്നു.
ഇതോടെയാണ് 2010ൽ യു.ഡി.എഫ് ടിക്കറ്റിൽ 74വോട്ടിന് വിജയിച്ച 42ാം വാർഡിൽ സ്വതന്ത്രനായി രംഗത്തിറങ്ങാൻ കാരണമായത്. അന്ന് സി.പി.എം സ്ഥാനാർഥിയായി നിസാറിനെ നേരിട്ട തുണ്ടത്തിൽ ശ്രീഹരിയാണ് ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. നിസാർ 2000ത്തിൽ 30ാം വയസ്സിലാണ് 35ാം വാർഡിൽ കന്നിയങ്കത്തിനിറങ്ങുന്നത്. പ്രബല മുന്നണിസ്ഥാനാർഥികളെ അട്ടിമറിച്ച് 47വോട്ടിനാണ് ജയിച്ചത്. തുടർന്ന് നഗരഭരണത്തിൽ യു.ഡി.എഫിനെ പിന്തുണച്ച് സ്ഥിരം സമിതി അധ്യക്ഷനായെങ്കിലും 2005ലെ മത്സരത്തിൽ പിന്തുണക്കാൻ തയാറായില്ല. തുടർന്ന് 44ാം വാർഡിൽ മത്സരിച്ച് 64 വോട്ടിന് ജയിച്ചു.
ശത്രുത മറന്ന് വീണ്ടും യു.ഡി.എഫിനെ തുണച്ച് സ്ഥിരം സമിതി അധ്യക്ഷനായി. 2010ൽ ജനതാദളുകാരനായി 42ാം വാർഡിൽ യു.ഡി.എഫുകാരനായി മത്സരിച്ച് 74 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു. 2015ലും ഇതേ ബാനറിൽ 40ൽ മത്സരിച്ച് 303 വോട്ടിന് വിജയിച്ചു. ഒാരോ വർഷവും ഭൂരിപക്ഷം വർധിപ്പിച്ച് ജനകീയ അംഗീകാരം തെളിയിച്ചിട്ടും നിലപാട് കാരണം വീണ്ടും സ്വതന്ത്രനാകേണ്ടി വന്നതിൽ സന്തോഷമേയുള്ളൂവെന്ന് നിസാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.